ചാർജ്ജാവാതെ ഇലക്ട്രിക് വാഹനങ്ങൾ; ക്യൂവിലായി സി.എൻ.ജിയും

Monday 06 June 2022 11:01 PM IST

മലപ്പുറം: പെട്രോൾ,​ ഡീസൽ വില വർദ്ധനവ് മറികടക്കാൻ സി.എൻ.ജിയിലേക്കും ഇലക്ട്രിക് വാഹനങ്ങളിലേക്കും ഗിയർ മാറ്റിയവർ പ്രതിസന്ധിയിൽ. വില അടിക്കടി ഉയരുന്നതും വാതകം നിറയ്ക്കുന്ന കേന്ദ്രങ്ങളുടെ കുറവും സി.എൻ.ജി വാഹന ഉടമകളെയും ചാർജ്ജിംഗ് സ്റ്റേഷനുകളുടെ കുറവ് ഇലക്ട്രിക് വാഹന ഉടമകളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്നു. മലപ്പുറം,​ വള്ളുവമ്പ്രം,​ പെരിന്തൽമണ്ണ,​ പൊന്നാനി എന്നിവിടങ്ങളിലെ കെ.എസ്.ഇ.ബി സബ്സ്റ്റേഷൻ കേന്ദ്രീകരിച്ച് ചാർജ്ജിംഗ് സ്റ്റേഷനുകൾ തുടങ്ങുന്ന പദ്ധതി എങ്ങുമെത്തിയിട്ടില്ല. മലപ്പുറം,​ പെരിന്തൽമണ്ണ ചാർജ്ജിംഗ് സ്റ്റേഷനുകളുടെ പണികളെല്ലാം പൂർത്തിയായിട്ടുണ്ട്. ഈ വർഷം തുടക്കത്തിൽ ചാർജ്ജിംഗ് സ്റ്റേഷനുകൾ യാഥാ‌ർത്ഥ്യമാവുമെന്നാണ് അധികൃതർ അറിയിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോയി. സ്വകാര്യ ചാർജ്ജിംഗ് സ്റ്റേഷനുകളും ജില്ലയിൽ കുറവാണ്. ഇലക്ട്രിക് വാഹന ഉടമകളിൽ നല്ലൊരുപങ്കും വീടുകളിൽ വച്ചാണ് ചാർജ്ജ് ചെയ്യുന്നത്. ഫാസ്റ്റ് ചാർജ്ജിംഗ് സംവിധാനമില്ലാത്തതിനാൽ ഏറെ നേരം കാത്തിരിക്കേണ്ടിവരുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

വില വർദ്ധനവ് വില്ലൻ

രണ്ട് മാസത്തിനിടെ സി.എൻ.ജിയുടെ വിലയിൽ 15 രൂപയുടെ വർദ്ധനവാണുണ്ടായത്. 56 രൂപയുണ്ടായിരുന്ന സി.എൻ.ജിക്കിപ്പോൾ 85 രൂപയാണ്. ഡീസൽ, പെട്രോൾ വില വർദ്ധനവിനെ തുടർന്നാണ് ഈ വാഹനങ്ങൾ വിറ്റ് പലരും സി.എൻ.ജിയിലേക്ക് മാറിയത്. ജില്ലയിലെ സി.എൻ.ജി വാഹനങ്ങളിൽ നല്ലൊരുപങ്കും ഓട്ടോറിക്ഷകളാണ്. കൂടുതൽ മൈലേജും ഇന്ധന വിലയിലെ കുറവുമായിരുന്നു പ്രധാന ആകർഷണം. സി.എൻ.ജി വില വർദ്ധനവിനൊപ്പം വാതകം നിറക്കുന്ന കേന്ദ്രങ്ങളുടെ കുറവും ഇവിടങ്ങളിലെ തിരക്കും പുതുതായി വാഹനം വാങ്ങിക്കുന്നവരെ പിന്നോട്ടുവലിക്കുന്നുണ്ട്. പെരിന്തൽമണ്ണ, വണ്ടൂർ, കോഡൂർ, വൈലത്തൂർ, ചെമ്മാട്, രാമനാട്ടുകര ബൈപാസ് എന്നിവിടങ്ങളിലാണ് സി.എൻ.ജി കേന്ദ്രങ്ങളുള്ളത്. വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് വാതകം നിറക്കൽ കേന്ദ്രങ്ങൾ ഇല്ലാത്തതിനാൽ ഇവിടങ്ങളിൽ നല്ല തിരക്കാണ്. ഏറെദൂരം ഓട്ടോയോടിച്ച് ഇന്ധനം നിറക്കാൻ എത്തേണ്ടതിനാൽ സി.എൻ.ജി ഓട്ടോകൾ ലാഭകരമല്ലാത്ത അവസ്ഥയിലേക്കാണ് പോവുന്നതെന്നും പ്രധാന നഗരങ്ങളിലെങ്കിലും കൂടുതൽ സി.എൻ.ജി കേന്ദ്രങ്ങൾ തുടങ്ങണമെന്നും ഓട്ടോ തൊഴിലാളികൾ പറയുന്നു.

മുന്നിൽ ഇലക്ട്രിക്

ചാർജ്ജിംഗ് സ്റ്റേഷനുകളുടെ കുറവിനിടയിലും ഇലക്ട്രിക് വാഹനങ്ങളെ കൈവിടാൻ ജില്ല തയ്യാറല്ല. ഈ വർഷം 2,234 ഇലക്ട്രിക് വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. ഇതിൽ നല്ലൊരുപങ്കും സ്കൂട്ടറുകളും കാറുമാണ്. ജൂൺ ഒന്ന് മുതൽ 6 വരെ 125 വാഹനങ്ങൾ രജിസ്റ്റർ ചെയ്തു. ഒരുമാസം ശരാശരി 300 ഇലക്ട്രിക് വാഹനങ്ങൾ വിൽക്കപ്പെടുന്നുണ്ട്. ഈ വർഷം 396 സി.എൻ.ജി വാഹനങ്ങളും പെട്രോളിലും സി.എൻ.ജിയിലും പ്രവർത്തിക്കുന്ന 277 വാഹനങ്ങളും റോഡിലിറങ്ങി. ഈ മാസം ആകെ 15 സി.എൻ.ജി വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്.

ഈ വർഷം ഇതുവരെ

ഇലക്ട്രിക് വാഹനങ്ങൾ - 2,234

സി.എൻ.ജി വാഹനങ്ങൾ- 396

പെട്രോളിലും സി.എൻ.ജിയിലും പ്രവർത്തിക്കുന്നത് - 277

Advertisement
Advertisement