ജയിച്ചോ, എങ്കിൽ രാജിവച്ചേക്കാം, ദേവഗൗഡയ്‌ക്ക് മത്സരിക്കാൻ രാജി സന്നദ്ധതയുമായി ചെറുമകൻ
ബംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനു തൊട്ടുപിന്നാലെ രാജിവയ്‌ക്കാനൊരുങ്ങി കർണാടകയിലെ ഏക ജെ.ഡി എസ് എം.പി പ്രജ്വൽ രേവണ്ണ. ഹാസനിൽ നിന്ന് 1,41,324 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ച പ്രജ്വൽ തുമാകുരുവിൽ പരാജയപ്പെട്ട മുത്തച്‌ഛനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയ്‌ക്കു വേണ്ടിയാണ് രാജി പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാവിലെ പത്രസമ്മേളനം വിളിച്ചായിരുന്നു രാജി പ്രഖ്യാപനം. എന്നാൽ പ്രജ്വലിന്റെ രാജി ജെ.ഡി.എസോ ദേവഗൗഡയോ അംഗീകരിച്ചിട്ടില്ല.
സംസ്ഥാനത്തെ ജനങ്ങളും ജെ.ഡി.എസ് പ്രവർത്തകരും എച്ച്.ഡി.ദേവഗൗഡ പാർലമെന്റിൽ എത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഹാസനിലെ ജനങ്ങളും അതാഗ്രഹിക്കുന്നുന്നു. അതുകൊണ്ട് ഞാൻ രാജി വയ്‌ക്കും. ഹാസനിൽ നിന്ന് ദേവഗൗഡ വീണ്ടും ജയിച്ച് പാർലമെന്റിലെത്തും- പ്രജ്വൽ പറഞ്ഞു.
വർഷങ്ങളായി ജെ.ഡി.എസിന്റെ കുത്തകയായിരുന്ന ഹാസൻ സീറ്റ് കൊച്ചുമകന് വിട്ടുകൊടുത്താണ് 86 കാരനായ ദേവഗൗഡ തുമാകുരുവിൽ മത്സരിച്ചത്. ബി.ജെ.പിയുടെ ബസവരാജിനോട് അദ്ദേഹം 13,339 വോട്ടിന് പരാജയപ്പെട്ടു.
ദേവഗൗഡയുടെ മകനും കർണാടക പൊതുമരാമത്ത് മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെ മകനാണ് പ്രജ്വൽ രേവണ്ണ.ദേവഗൗഡയുടെ മറ്റൊരു മകനും മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മാണ്ഡ്യയിൽ മത്സരിച്ചിരുന്നെങ്കിലും സുമലതയോട് പരാജയപ്പെട്ടു.