വാക്സിനെടുക്കാതെ 14,505 കുട്ടികൾ, സ്ഥിതി ഗുരുതരമെന്ന് ആരോഗ്യ വകുപ്പ്

Tuesday 07 June 2022 12:46 AM IST

പത്തനംതിട്ട : ജില്ലയിൽ 12-17 പ്രായക്കാരിൽ കൊവിഡ് പ്രതിരോധ വാക്സിനെടുക്കാത്തവരായി 14,505 കുട്ടികൾ. ആരോഗ്യവകുപ്പ് ശേഖരിച്ച കണക്കു പ്രകാരം 12 - 14 പ്രായക്കാരിൽ 20,984 കുട്ടികളാണ് ഇതുവരെ ഒരു ഡോസെങ്കിലും വാക്സിൻ എടുത്തിട്ടുള്ളത്. 5993 കുട്ടികൾ വാക്സിനെടുക്കാനുണ്ട്. 15 -17 പ്രായക്കാരിൽ 40,372 പേർ ആദ്യഡോസ് കുത്തിവച്ചു. 8512കുട്ടികൾ വാക്സിൻ എടുത്തിട്ടില്ല. വാക്സിനെടുക്കാത്ത കുട്ടികളിൽ കൊവിഡ് രോഗം പകരാൻ സാദ്ധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. ക്ളാസ് മുറികളിൽ ഒരുമിച്ച് ഇരിക്കുന്നതിനാൽ വേഗത്തിൽ രോഗം പകരും. വാക്സിനെടുക്കാത്തത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. കോടതി ഉത്തരവില്ലാതെ കുട്ടികളിൽ നിർബന്ധിതമായി വാക്സിൻ കുത്തിവയ്ക്കാനാവില്ല. വാക്സിനെടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ ആരോഗ്യ വകുപ്പ് അധികൃതർ ബന്ധപ്പെട്ടിരുന്നു. വാക്സിൻ പിന്നീട് എടുത്തോളാം എന്ന നിലപാടിലാണ് അവർ.

സ്കൂളുകളിലെത്തി വാക്സിനെടുക്കണമെന്ന നിർദേശം ആരോഗ്യവകുപ്പ് അധികൃതർ മുന്നോട്ടുവച്ചെങ്കിലും ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എയുടെയും പി.എച്ച്.എസി നഴ്സുമാരുടെയും സമരം കാരണം നടപ്പായില്ല. ഇതേ തുടർന്ന് കുട്ടികളിൽ ബോധവൽക്കരണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റ് ജില്ലാ കളക്ടർമാർക്ക് കത്തുനൽകി. വാക്സിനെടുക്കാൻ ഒരു ദിവസം ശരാശരി ഒൻപത് കുട്ടികളാണ് ആശുപത്രികളിലെത്തുന്നത്. സ്കൂൾ തുറക്കുന്നതിന് മുൻപ് കുട്ടികളുടെ വാക്സിനേഷനു വേണ്ടി സ്പെഷ്യൽ ഡ്രൈവ് നടത്തിയെങ്കിലും മിക്ക രക്ഷിതാക്കളും വിമുഖത കാട്ടുകയായിരുന്നു. ബോധവൽക്കരണം നടത്തിയിട്ടും ഫലമുണ്ടായില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

പ്ളസ് വൺ പരീക്ഷ അടുത്തുവരികയാണ്. വാക്സിനെടുക്കുമ്പോൾ ചെറിയ പനി വരാം. ഇതു കാരണം പരീക്ഷയെഴുതാനാവില്ല എന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്.

12-14 പ്രായക്കർ 26,977

  • ഒന്നാം ഡോസ് വാക്സിൻ എടുത്തവർ : 20984
  • രണ്ടാം ഡോസ് എടുത്തവർ : 8880

15-17പ്രായക്കാർ 48,884

  • ഒന്നാംഡോസ് സ്വീകരിച്ചവർ 40,372
  • രണ്ടാംഡോസ് 31,156
Advertisement
Advertisement