'മഴയ്ക്കും കട്ടൻചായയ്ക്കുമിടയിൽ' ആർട്ട് ഗാലറിയിൽ ചിത്രശില്പ പ്രദർശനം

Wednesday 08 June 2022 12:02 AM IST

കൊച്ചി: മഴയ്ക്കും കട്ടൻചായയ്ക്കുമിടയിൽ ചിത്രവും ശില്പങ്ങളും ആസ്വദിക്കാനൊരവസരം. കേരള ലളിതകലാ അക്കാഡമി ഡർബാർ ഹാൾ ആർട്ട് ഗാലറിയിലാണ് കേരളത്തിലെ പ്രമുഖ ചിത്രകാരന്മാരുടെയും ശില്പികളുടെയും വ്യത്യസ്ത കലാസൃഷ്ടികൾ 'മഴയ്ക്കും കട്ടൻചായയ്ക്കുമിടയിൽ' എന്ന പേരിൽ പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഇടപ്പള്ളി രാഘവൻപിള്ള സ്മാരകവേദിയും ആർട്ടിസ്റ്റ് പ്രൊഗ്രസീവ് ഗ്രൂപ്പും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. എൻ.എ. മണി, ബാലകൃഷ്ണൻ കടവൂർ, പി.ജി. ശ്രീനിവാസൻ, പി.കെ.ഹരി, സുഗതൻ പനങ്ങാട്, എം.എ. ജോണി, സി.എ. വിശ്വൻ, എ.യു. വേണുഗോപാൽ, കെ.കെ. അജികുമാർ, ടി.കെ.സുധീർ എന്നവരുടെ പെയിന്റിങ്ങുകളും ശില്പങ്ങളുമാണ് പ്രദർശനത്തിലുള്ളത്. ജി.സി.ഡി.എ ചെയർമാൻ കെ. ചന്ദ്രൻപിള്ള പ്രദർശനം ഉദ്ഘാടനം ചെയ്തു. എൻ.എ. മണി അദ്ധ്യക്ഷത വഹിച്ചു. കാലടി സർവകലാശാല ചുമർചിത്ര വിഭാഗം മേധാവി ഡോ. സാജു തുരുത്തിൽ മുഖ്യപ്രഭാഷണം നടത്തി. മേയർ അഡ്വ.എം. അനിൽകുമാർ, സിനിമ താരം സാജു നവോദയ (പാഷാണം ഷാജി), , ബാലകൃഷ്ണൻ കതിരൂർ എന്നിവർ പ്രസംഗിച്ചു. പ്രദർശനം 12 ന് സമാപിക്കും.