മലയാളിയായ ലോറിഡ്രൈവറുടെ തിരോധാനം: അന്വേഷണം ഇഴയുന്നു

Wednesday 08 June 2022 12:09 AM IST

കൊച്ചി: മലയാളിയായ ലോറിഡ്രൈവറെ ആന്ധ്രാപ്രദേശിൽനിന്ന് കേരളത്തിലേക്ക് മത്സ്യംകയറ്റിവരുംവഴി കാണാതായ സംഭവത്തിൽ അന്വേഷണം ഇഴയുന്നതായി പരാതി. ഉദയംപേരൂർ കാവൽപറമ്പിൽ പരേതനായ വേലായുധന്റെ മകൻ കെ.വി. ഷോബിയാണ് (43) കഴിഞ്ഞമാസം 25ന് പുലർച്ചെ 3.30ഓടെ ആന്ധ്രാപ്രദേശിലെ അപ്പരാജുപേട്ടയിൽ അപ്രത്യക്ഷനായത്.

മുളന്തുരുത്തി സ്വദേശി രാജേഷ്‌കുമാറിന്റെ ഫ്രീസർ വാഹനത്തിൽ ഡ്രൈവറോടൊപ്പം സഹായിയായാണ് ഇയാൾ ആന്ധ്രാപ്രദേശിലേക്ക് പോയത്. അവിടെനിന്ന് ലോഡുമായി തിരികെവരുംവഴി മദ്യംകിട്ടാത്തതിന്റെ പേരിൽ ഷോബി അക്രമാസക്തനാവുകയും വാഹനത്തിന്റെ മുൻവശത്തെ ചില്ല് തകർക്കാൻ ശ്രമിക്കുകയുംചെയ്തു. ഭയന്നുപോയ ഡ്രൈവർ നിഖിൽ അപ്പരാജുപേട്ട എന്ന സ്ഥലത്തെ പെട്രോൾ പമ്പിന് സമീപം വാഹനം നിറുത്തി. ലോറിയിൽനിന്ന് പുറത്തുചാടിയ ഷോബി അടുത്തുള്ള കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. പുലർച്ചെ 3.30ഓടെ ഓടിപ്പോയ ഷോബി തിരികെവരുമെന്ന് കരുതി നേരംപുലരുന്നതുവരെ നിഖിൽ വാഹനവുമായി കാത്തുനിന്നു. ട്രാൻസ്പോർട്ടിംഗ് കമ്പനി ഉടമയെ ഫോണിൽ വിവരം അറിയിക്കുകയും ചെയ്തു. രാവിലെ 7.30വരെ കാത്തുനിന്നിട്ടും ഷോബിയെ കാണാതെ നിഖിൽ ലോറിയുമായി കേരളത്തിലേക്ക് തിരിച്ചു. പിന്നീട് കമ്പനിഉടമ രാജേഷ്‌കുമാർ സംഭവസ്ഥലത്ത് നേരിട്ടെത്തി പുല്ലംപേട്ട് പൊലീസിന്റെയും പരിസരവാസികളുടെയും സഹായത്തോടെ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഷോബിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് ഉദയംപേരൂർ പൊലീസും അപ്പരാജുപേട്ടയിലെത്തി അന്വേഷിച്ചിരുന്നു.

അതേസമയം കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നാണ് ഷോബിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. മാതാവ് വത്സ (65), അവിവാഹിതയും രോഗിയുമായ സഹോദരി ദീപ (48) എന്നിവർ ഷോബിയുടെ സംരക്ഷണയിലാണ് ജീവിക്കുന്നത്. ഷോബിക്ക് 12 വയസുള്ള മകനുമുണ്ട്. വിവാഹബന്ധം വേർപെടുത്തിയ ഭാര്യ വൈക്കത്തെ അവരുടെ സ്വന്തം വീട്ടിലാണ്.

Advertisement
Advertisement