ബ്രഹ്മപുരത്ത് വരും, പുത്തൻ പ്ളാന്റ് നിർമ്മാണത്തിന് തയാറെടുത്ത് കോർപ്പറേഷൻ

Wednesday 08 June 2022 12:35 AM IST

കൊച്ചി : ബ്രഹ്മപുരത്ത് ജൈവമാലിന്യ സംസ്‌കരണത്തിനായി പുതിയ വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ് നിർമ്മിക്കുന്നത് കോർപ്പറേഷന്റെ പരിഗണനയിൽ. മൊത്തം 45.8 കോടി രൂപ ചെലവു വരുന്ന പ്ലാന്റിന്റെ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) നാളെ (വ്യാഴം) നടക്കുന്ന കൗൺസിൽ യോഗം പരിഗണിക്കും. എസ്റ്റീം ഡവലപ്പേഴ്‌സാണു പദ്ധതിയുടെ ഡി.പി.ആർ തയ്യാറാക്കിയിട്ടുള്ളത്.
ബ്രഹ്മപുരത്ത് നിലവിലുള്ള ജൈവമാലിന്യ സംസ്കരണ പ്ലാന്റ് ഏതു സമയത്തും നിലംപൊത്താവുന്ന നിലയിലാണ്. പ്രതിദിനം ശേഖരിക്കുന്ന ജൈവമാലിന്യം ഇവിടെ സംസ്‌കരിച്ച് വളമാക്കുകയാണ് ചെയ്തിരുന്നത്. എന്നാൽ പ്ലാന്റിന്റെ ശോച്യാവസ്ഥ മൂലം ഈ പ്രവർത്തനങ്ങൾ നിലച്ച മട്ടാണ്. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ആധുനിക പ്ളാന്റിന് സർക്കാർ അനുമതി നൽകിയിട്ടുണ്ടെങ്കിലും അത് യാഥാർത്ഥ്യമാക്കുന്നതിന് കാലതാമസമെടുക്കും. ഈ സാഹചര്യത്തിലാണ് പുതിയ പ്ലാന്റ് സ്ഥാപിക്കാൻ കോർപ്പറേഷൻ നടപടികൾ സ്വീകരിക്കുന്നത്.
കോർപ്പറേഷന്റെ 2021– 22 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ് നിർമ്മിക്കുന്നത്. ഡി.പി.ആർ തയ്യാറാക്കുന്നതുൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്കു കോർപ്പറേഷൻ ബഡ്ജറ്റിൽ ഒരു കോടി രൂപ വകയിരുത്തിയിരുന്നു. ആരോഗ്യകാര്യ സ്ഥിര സമിതി എസ്റ്റീം ഡവലപ്പേഴ്സ് തയ്യാറാക്കിയ ഡി.പി.ആറിന് അംഗീകാരവും നൽകിയിട്ടുണ്ട്. കൗൺസിൽ അംഗീകാരം കൂടി ലഭിച്ചാൽ ടെണ്ടർ നടപടികളിലേക്കു കടക്കാനാകും.
ബ്രഹ്മപുരത്തെ പത്തേക്കർ സ്ഥലത്താണു പുതിയ ജൈവ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുക. പ്രതിദിനം 206 ടൺ ജൈവ മാലിന്യമാണു നിലവിൽ ബ്രഹ്മപുരത്ത് എത്തുന്നത്. മാലിന്യത്തിൽ നിന്ന് ഒലിച്ചിറങ്ങുന്ന മലിനജലം സംസ്‌കരിക്കാനുള്ള പുതിയ പ്ലാന്റ് സ്ഥാപിക്കാനായും കോർപ്പറേഷൻ ഡി.പി.ആർ തയ്യാറാക്കി വരികയാണ്. മാലിന്യത്തിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പ്ലാന്റിനായി 20 ഏക്കർ ഭൂമി കെ.എസ്‌.ഐ.ഡി.സിക്ക് 27 വർഷത്തെ പാട്ടത്തിനു കോർപ്പറേഷൻ കൈമാറിയിട്ടുണ്ട്.

Advertisement
Advertisement