മെഡി.കോളേജുകൾക്ക് തമിഴ്നാടിന് 2145 കോടി, കേരളത്തിന് വട്ടപ്പൂജ്യം

Wednesday 08 June 2022 12:00 AM IST

തിരുവനന്തപുരം: ജില്ലാ, റഫറൽ ആശുപത്രികളിൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാനുള്ള പദ്ധതി

പ്രകാരം തമിഴ്നാടിന് 2145കോടി രൂപ നൽകിയ കേന്ദ്രം, കേരളത്തിന്റെ അപേക്ഷ പരിഗണിക്കുന്നില്ല.
വയനാട്ടിലെ മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളേജാക്കാൻ കഴിഞ്ഞവർഷം അപേക്ഷിച്ചെങ്കിലും ഇപ്പോൾ അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം മടക്കി. സർക്കാർ മെഡിക്കൽ കോളേജുകളില്ലാത്ത ജില്ലകൾക്കാണ് അപേക്ഷിക്കാനാവുക. അതിനാലാണ് വയനാട് മെഡിക്കൽകോളേജിനായി അപേക്ഷിച്ചതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഒരു മെഡിക്കൽകോളേജിന് 200 കോടിയെങ്കിലും കേന്ദ്രസഹായം ലഭിക്കേണ്ടതാണ്. ചുരുങ്ങിയത് 100 എം.ബി.ബി.എസ് സീറ്റുകളും കിട്ടേണ്ടതായിരുന്നു. തമിഴ്നാട്ടിൽ 1450 മെഡിക്കൽ സീറ്റുകളാണ് ഇത്തരത്തിൽ ലഭ്യമായത്. മെഡിക്കൽ കോളേജുകൾ സ്ഥാപിക്കാൻ മൊത്തം ചെലവായ 4080 കോടി രൂപയിൽ കേന്ദ്ര വിഹിതം കഴിച്ചുള്ള 1935 കോടിയാണ് തമിഴ്നാട് മുടക്കിയത്.

വിരുദുനഗർ, നാമക്കൽ, നീലഗിരി, തിരുപ്പൂർ, തിരുവള്ളൂർ, നാഗപട്ടണം, ഡിണ്ടിഗൽ, കല്ലുക്കുറിച്ചി, അരിയല്ലൂർ, രാമനാഥപുരം, കൃഷ്ണഗിരി ജില്ലകളിലാണ് മെഡിക്കൽ കോളേജുകൾ ഒരുമിച്ച് പ്രവർത്തിച്ചു തുടങ്ങിയത്.

അതേസമയം, കേന്ദ്രസഹായം കിട്ടിയില്ലെങ്കിലും സ്വന്തമായി വയനാട്ടിൽ മെഡിക്കൽ കോളേജ് നിർമ്മിക്കുമെന്നാണ് സർക്കാർ നിലപാട്. ബോയ്സ് ടൗണിൽ ഗ്ലെൻലോവൻ എസ്‌റ്റേറ്റിൽ നിന്ന് സർക്കാർ ഏറ്റെടുത്ത 65ഏക്കർ ഭൂമി മെഡിക്കൽ കോളേജിനായി കൈമാറി. മാനന്തവാടിക്ക് 8.74ഏക്കർ ഭൂമിയാണുള്ളത്. 125അദ്ധ്യാപക, 15 അനദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ട്. 500കിടക്കകളുള്ള ആശുപത്രിയും നിർമ്മിക്കും. 308കോടി എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്.

#വഴി മുടങ്ങിയ

മെഡി.കോളേജുകൾ

ആശുപത്രിയടക്കമുള്ള സൗകര്യങ്ങളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി കോന്നി, ഇടുക്കി ഗവ.മെഡിക്കൽ കോളേജുകൾക്ക് മെഡിക്കൽ കമ്മിഷൻ അനുമതി നൽകിയിട്ടില്ല.

തിരുവനന്തപുരം ജനറൽ ആശുപത്രിയോട് ചേർന്ന് രണ്ടാം മെഡിക്കൽ കോളേജിനുള്ള പദ്ധതി ഉപേക്ഷിച്ചമട്ടാണ്. നിർമ്മിച്ച അഞ്ചുനില കെട്ടിടം പൂട്ടിയിട്ടിരിക്കുകയാണ്.

ഇടുക്കിയിൽ 2014, 2015 വർഷങ്ങളിൽ 50വീതം കുട്ടികൾക്ക് പ്രവേശനം നൽകിയത് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ മെഡിക്കൽ കൗൺസിൽ റദ്ദാക്കി.

''മന്ത്രി വീണാജോർജ്ജ് കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് കേന്ദ്രപദ്ധതിയിൽ നിന്നുള്ള സഹായം തേടിയിട്ടുണ്ട്.''

-ആരോഗ്യ മന്ത്രിയുടെ ഓഫീസ്

Advertisement
Advertisement