കുട്ടികളുടെ ഡിജിറ്റൽ സ്റ്റുഡന്റ് പ്രൊഫൈൽ തയാറാക്കും

Wednesday 08 June 2022 12:00 AM IST

തിരുവനന്തപുരം: അദ്ധ്യാപകർ കുട്ടികളുടെ മെന്റർമാരാവുന്ന 'സഹിതം" പദ്ധതിയുടെ പോർട്ടലായ www.sahitham.kite.kerala.gov.inന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. നിരന്തരം നവീകരിക്കുന്ന വിധത്തിൽ ഓരോ കുട്ടിയുടെയും ഡിജിറ്റൽ സ്റ്റുഡന്റ് പ്രൊഫൈൽ സഹിതത്തിലൂടെ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. മെന്ററിംഗിന്റെ ഭാഗമായി വിദ്യാർത്ഥിയുടെ സാമൂഹിക, ഭാഷാ, ഗണിത ശേഷി, സാമൂഹികാവബോധം, ശാസ്ത്രാഭിമുഖ്യം തുടങ്ങിയവ നിരീക്ഷിച്ച് 'സഹിതം' പോർട്ടലിൽ രേഖപ്പെടുത്താൻ അദ്ധ്യാപകർക്ക് കഴിയും. കൈറ്റ് വിക്ടേഴ്സ് സ്റ്റുഡിയോയിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ., കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജയപ്രകാശ് ആർ.കെ., യൂണിസെഫ് സോഷ്യൽ പോളിസി സ്‌പെഷ്യലിസ്റ്റ് അഖില രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.