തോക്കിന് ലൈസൻസെടുത്താൽ മാത്രം പോരാ, വെടിവയ്പ്പ് പരിശീലനവുമായി പൊലീസ്

Wednesday 08 June 2022 12:11 AM IST

തിരുവനന്തപുരം: തോക്കുംവാങ്ങി, ലൈസൻസ് സമ്പാദിച്ചാൽ മാത്രം പോര, അത് കൃത്യമായി ഉപയോഗിക്കാനും അറിയണം. അതിനായി പൊലീസ് ജനങ്ങൾക്ക് വെടിവയ്ക്കുന്നതിന് ഉൾപ്പെടെ പരിശീലനം നൽകും. തോക്ക് ലൈസൻസിന് അപേക്ഷിക്കുമ്പോൾ ഈ പരിശീലന സർട്ടിഫിക്കറ്റ് നിർബന്ധം. കേന്ദ്ര നിർദ്ദേശപ്രകാരമാണിത്. ലൈസൻസ് നേടുന്നതിനുള്ള പരിശീലനം സംബന്ധിച്ച്‌ പ്രത്യേക മാനദണ്ഡം കേന്ദ്ര സർക്കാർ വൈകാതെ പുറത്തിറക്കും. പരിശീലനത്തിനുള്ള ഫീസും സിലബസും നിശ്ചയിച്ച്‌ പൊലീസ്‌ മേധാവി ഉത്തരവിറക്കി.

എട്ട് സായുധ ബ​റ്റാലിയനുകളിലാകും പരിശീലനം. കാലയളവ് 13 ദിവസം. വിവിധതലങ്ങളിലെ പരിശീലനത്തിന് ഫീസ് 1000 മുതൽ 5000 രൂപവരെ. ജനുവരി, ഏപ്രിൽ, ജൂലായ്, ഒക്ടോബർ മാസങ്ങളിലെ രണ്ടാം വാരത്തിലാവും പരിശീലനം. 13-ാം ദിവസം സിലബസ് അടിസ്ഥാനമാക്കി എഴുത്തു പരീക്ഷ. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഫോം എസ് ഒന്ന് പ്രകാരമുള്ള സർട്ടിഫിക്ക​റ്റ് നൽകും. കുടുംബവക തോക്കുള്ളവർക്കുംമറ്റും ലൈസൻസ് കൈമാ​റ്റം ചെയ്തു കിട്ടുമെങ്കിലും അത് സൂക്ഷിക്കാൻ പ്രത്യേകം ലൈസൻസ് നേടണം. കു​റ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെങ്കിൽ പരിശീലനം നൽകില്ല.

ഫീസ് ഘടന

 ഫയറിംഗ് ടെസ്​റ്റ്- 5000

 എഴുത്തു പരീക്ഷ- 1000

 തോക്ക് വൃത്തിയാക്കൽ- 1000

 പരിശീലന തയ്യാറെടുപ്പിനും നടപടി ക്രമങ്ങൾക്കും- 1000

 പ്രവർത്തനം മനസിലാക്കാൻ- 1000

 ആയുധ നിയമത്തെക്കുറിച്ച് ക്ളാസ്- 1000

 സുരക്ഷിതമായി കൈകാര്യം ചെയ്യാൻ- 1000

 തോക്കും തിരകളും സൂക്ഷിക്കുന്നത് അറിയാൻ- 1000

കേരളത്തിലെ തോക്ക് ലൈസൻസ്

 നിയമസഭാ രേഖയിൽ- 8191

 കേന്ദ്രസർക്കാർ കണക്കിൽ- 9,459

ലൈസൻസ് ലഭിക്കാൻ

 കളക്ടറുടെ മേൽനോട്ടത്തിൽ തോക്കിന്റെ ആവശ്യത്തെക്കുറിച്ച് ജില്ലാ പൊലീസ് മേധാവി, ആർ.ഡി.ഒ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എന്നിവരുടെ അന്വേഷണം

 ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ചടക്കം പരിശോധന

 മാനസികാരോഗ്യം ഉള്ളവരാണെന്ന റിപ്പോർട്ട്

 തോക്ക് സൂക്ഷിക്കാൻ ലോക്കർപോലുള്ള സുരക്ഷിതസംവിധാനം

 ലൈസൻസ് കാലാവധി 5 വർഷം, വാർഷികഫീസ് 500 രൂപ

 പ്രതിവ‌ർഷം അനുവദിക്കുന്നത് 200 ബുള്ളറ്റുകൾ

 ഒരുസമയം കൈവശം വയ്ക്കാവുന്നത് നൂറെണ്ണം

 ഇവർക്ക് കിട്ടില്ല

ജയിൽശിക്ഷയനുഭവിച്ചവർ, ക്രിമിനൽകേസിൽ പെട്ടവർ, സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചവർ, മാനസികവൈകല്യമുള്ളവർ, പൊലീസ് സംരക്ഷണം കിട്ടുന്നവർ

തോക്ക് ലൈസൻസ്, ജില്ല തിരിച്ച്

 തിരുവനന്തപുരം- 310

 കൊല്ലം- 190

 പത്തനംതിട്ട- 480

 ആലപ്പുഴ-126

 കോട്ടയം-1603

 ഇടുക്കി- 428

 എറണാകുളം- 1633

 തൃശൂർ- 473

 പാലക്കാട്- 83

 മലപ്പുറം- 769

 കോഴിക്കോട്- 228

 വയനാട്- 148

 കണ്ണൂർ- 738

 കാസർകോട്- 982