വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ 10ലേക്ക് മാറ്റി

Wednesday 08 June 2022 12:00 AM IST

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ മുൻകൂർ ജാമ്യം തേടി നടനും നിർമ്മാതാവുമായ വിജയ് ബാബു നൽകിയ ഹർജി ഹൈക്കോടതി വെള്ളിയാഴ്‌ച പരിഗണിക്കാൻ മാറ്റി. വിജയ് ബാബുവിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവിന്റെ കാലാവധിയും വെള്ളിയാഴ്‌ച വരെ നീട്ടി. അഡി. പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ഗ്രേഷ്യസ് കുര്യാക്കോസ് ഇന്നലെ അസൗകര്യം അറിയിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജി മാറ്റിയത്.

ഇരയുടെ പേര് ഫേസ് ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയതിന് വിജയ് ബാബുവിനെതിരെ രജിസ്റ്റർ ചെയ്ത കേസിലും മുൻകൂർ ജാമ്യ ഹർജി നൽകിയിട്ടുണ്ട്. പരാതിക്കാരിയാണ് ഫേസ് ബുക്ക് അക്കൗണ്ടിലൂടെ ആദ്യം പേരു വെളിപ്പെടുത്തിയതെന്നും അവർ ഉന്നയിച്ച ആരോപണങ്ങളെ ചെറുക്കാനാണ് ഫേസ് ബുക്ക് ലൈവിൽ വന്നതെന്നും വിജയ് ബാബുവിന്റെ ഹർജിയിൽ പറയുന്നു. പേരു വെളിപ്പെടുത്തി അപമാനിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. രണ്ട് ഹർജികളും വെള്ളിയാഴ്ച ഒരുമിച്ചു പരിഗണിക്കും.