കെ.എസ്.എഫ്.ഇ പ്രവാസിചിട്ടി നിയമാനുസൃതം: ചെയർമാൻ

Wednesday 08 June 2022 12:24 AM IST

തൃശൂർ: കെ.എസ്.എഫ്.ഇയുടെ പ്രവാസിചിട്ടി പദ്ധതി പൂർണമായും നിയമാനുസൃതമാണെന്നും ഇതുമായി ബന്ധപ്പെട്ട് ഒരുപത്രത്തിൽ വന്ന വാർത്തയ്ക്ക് ഉറവിടമായ പ്രസ്‌താവന തെറ്റിദ്ധാരണാജനകമാണെന്നും ചെയർമാൻ കെ.വരദരാജൻ പറഞ്ഞു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരിക്കേ ഡോ.ടി.എം.തോമസ് ഐസക് നടപ്പാക്കിയതാണ് പ്രവാസിചിട്ടി പദ്ധതി. പ്രവാസിയായിരിക്കേ തന്നെ കേരളത്തിൽ ചിട്ടിയിൽ ചേരാനും മാസത്തവണകൾ അടയ്ക്കാനും ലേലം വിളിക്കാനും സാധിക്കുന്ന ആദ്യ ചിട്ടിയാണ് ഓൺലൈനിലൂടെ നടപ്പാക്കിയ പ്രവാസിചിട്ടി.

പ്രവാസികൾ അടയ്ക്കുന്ന പണം കിഫ്ബിയിൽ ബോണ്ടുകളായി നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. സുരക്ഷിതമായ ചിട്ടിപദ്ധതിയിൽ ചേരാമെന്നതിന് പുറമേ കേരളത്തിന്റെ വികസനത്തിൽ പങ്കാളിയാവുക കൂടിയാണ് ഈ ചിട്ടിയിലൂടെ പ്രവാസികൾ.

ചിട്ടി വിളിച്ചെടുക്കുന്നവർക്ക് കൃത്യമായി ചിട്ടിപ്പണം നൽകുന്നത് കെ.എസ്.എഫ്.ഇയുടെ ഉത്തരവാദിത്വമാണ്. ഇപ്പോൾ 1,599 ചിട്ടികൾ നടക്കുന്നു. 694.28 കോടി രൂപ കിഫ്ബി ബോണ്ടിൽ നിക്ഷേപിച്ചു. ചിട്ടി ചേർന്നവരിലും മറ്റ് പ്രവാസികളിലും ആശങ്കയുണ്ടാക്കുന്ന പ്രസ്താവന വസ്തുതാവിരുദ്ധമാണെന്നും കെ.വരദരാജൻ പറഞ്ഞു.

സുരക്ഷിതചിട്ടി

കെ.എസ്.എഫ്.ഇ സമ്പൂർണ ഉത്തരവാദിത്വത്തോടെയും അതിസുരക്ഷയോടെയും നടപ്പാക്കുന്നതാണ് പ്രവാസിചിട്ടി. റിസർവ് ബാങ്ക് 2015 മാർച്ച് രണ്ടിന് പുറത്തിറക്കിയ 337/2015 ആർ.ബി., 338/2015 ആർ.ബി നോട്ടിഫിക്കേഷനുകൾ പ്രകാരം ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ഭേദഗതി ചെയ്തിരുന്നു.

ഏപ്രിൽ 13ലെ കേന്ദ്രഗസറ്റിൽ ഇക്കാര്യം പ്രസിദ്ധീകരിച്ചു. ജൂലായ് 29ന് കേരളത്തിലെ നികുതിവകുപ്പ് ഇറക്കിയ 136/2015/ടി.ഡി നമ്പർ ഉത്തരവ് പ്രകാരം പ്രവാസി മലയാളികളെ ചിട്ടിയിൽ ചേർക്കാൻ കെ.എസ്.എഫ്.ഇക്ക് അനുവാദവുമുണ്ട്.

Advertisement
Advertisement