ഡ്രോൺവഴി മരുന്നും സേവനങ്ങളുമായി ആസ്റ്റർ മിംസ്

Wednesday 08 June 2022 1:04 AM IST

കോഴിക്കോട്: അവശ്യ മരുന്നുകൾ ഡ്രോൺ വഴി വീട്ടിലെത്തുന്ന നൂതന ആശയത്തിന് കൈകോർത്ത് ആസ്റ്റർ മിംസ് ആശുപത്രിയും സ്‌കൈ എയർ മൊബിലിറ്റിയും. രോഗനിർണയ സാമ്പിളുകളുടെയും മരുന്നുകളുടെയും വിതരണം ഡ്രോൺ വഴിയാക്കാനുള്ള പരീക്ഷണത്തിനാണ് തുടക്കം കുറിച്ചത്.
കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ നിന്ന് അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലിലേക്ക് അവശ്യ മരുന്നുകളും ക്രിട്ടിക്കൽ ലാബ് സാമ്പിളുകളും ഡ്രോൺ വഴിയെത്തിച്ച് പരീക്ഷണപ്പറത്തൽ വിജയകരമായി പൂർത്തിയാക്കി.സ്‌കൈ എയറിന്റെ ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ഡയഗ്‌നോസ്റ്റിക് സാമ്പിളുകളും മരുന്നുകളും തുടക്കത്തിൽ കോഴിക്കോടായിരിക്കും ഡെലിവറി ചെയ്യുക. വൈകാതെ കേരളത്തിലുടനീളം പദ്ധതി വ്യാപിപ്പിക്കും. സ്‌കൈ എയറിന്റെ നൂതന ഉത്പന്നമായ സ്‌കൈ ഷിപ്പ് വൺ ഡ്രോൺ ആണ് ഉപയോഗിക്കുന്നത്.

താപനില നിയന്ത്രിതമായ പേലോഡ് ബോക്‌സുകളിൽ മരുന്നും ഡയഗ്‌നോസ്റ്റിക് സാമ്പിളും വയ്ക്കും. ഈ പേലോഡ് ബോക്‌സ് ഡ്രോണിൽ ഘടിപ്പിക്കുകയും മുൻകൂട്ടി നിശ്ചയിച്ച വ്യോമപാതയിലൂടെ എത്തിക്കുകയുമാണ് ചെയ്യുകയെന്ന് ആസ്റ്റർ കേരള -ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ പറഞ്ഞു.