കെ എസ് ഇ ബി ജീവനക്കാരന് മർദ്ദനം; പ്രതിഷേധ പ്രകടനം നടത്തി
വളാഞ്ചേരി: കെ.എസ്.ഇ.ബി വളാഞ്ചേരി സെക്ഷനിലെ ഫീൽഡ് ജീവനക്കാരനായ മോഹൻദാസിനെ അക്രമിച്ചയാളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.ഇ.ബി ജീവനക്കാരുടെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ വളാഞ്ചേരി ടൗണിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. തിങ്കളാഴ്ച ഇരിമ്പിളിയം മേച്ചരി പറമ്പിൽ വച്ചായിരുന്നു ആക്രമണം നടന്നത്. ബില്ല് അടക്കാത്തതിന്റെ പേരിൽ വൈദ്യുതി വിച്ഛേദിച്ചു എന്ന് പറഞ്ഞ് വാഹനം തടഞ്ഞ് നിറുത്തി മർദ്ദിക്കുകയായിരുന്നു. മോഹൻദാസ് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രതിഷേധ പ്രകടനം വളാഞ്ചേരി ടൗൺ ചുറ്റി കെ.എസ്.ഇ.ബി പരിസരത്ത് സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം സി.ഐ.ടി.യു പൊന്നാനി ഡിവിഷൻ സെക്രട്ടറി സുനിൽ ഉദ്ഘാടനം ചെയ്തു. മനോജ് അദ്ധ്യക്ഷനായി. നിസാർ വിവിധ യൂണിയൻ പ്രതിനിധികളായ നിസാർ, പി. അബ്ദുന്നാസർ, സുകുമാരൻ, സുരേഷ് ബാബു, ശിവദാസൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു.