കെ.എഫ്.സിയുടെ ലാഭം ഇരട്ടിയോളം ഉയർന്നു

Wednesday 08 June 2022 3:30 AM IST

തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെ.എഫ്.സി) ലാഭം കഴിഞ്ഞ സാമ്പത്തികവർഷം 6.58 കോടി രൂപയിൽ നിന്നുയർന്ന് 13.17 കോടി രൂപയിലെത്തി. പ്രവർത്തനലാഭം 153 കോടി രൂപയിൽ നിന്ന് മെച്ചപ്പെട്ട് 193 കോടി രൂപയായി.

മൊത്തം നിഷ്ക്രിയ ആസ്തി 3.58ൽ നിന്ന് 3.27ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്‌തി 1.48ൽ നിന്ന് 1.28 ശതമാനമായും കുറഞ്ഞു.

കൊവിഡിൽ കുടിശികക്കാർക്കെതിരെ കടുത്ത നടപടികളെടുക്കാതെ അദാലത്ത് നടത്തി 83.73 കോടി രൂപ സമാഹരിച്ചെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജയ് കൗൾ പറഞ്ഞു. ഇൗവർഷം വായ്പാ ആസ്തി 4,751 കോടിരൂപയിൽ നിന്ന് 10,000 കോടി രൂപയായി ഉയർത്തും. വായ്പാനടപടികൾ ഡിജിറ്റലാക്കും. കോർ ബാങ്കിംഗ് സൊല്യൂഷനായ ഫിനാക്കിളിലേക്ക് പ്രവർത്തനം മാറ്റും.
കൊവിഡിൽ ചെറുകിട വ്യവസായസ്ഥാപനങ്ങൾ നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത് കഴിഞ്ഞവർഷം പലിശനിരക്ക് കുറച്ചിരുന്നു. 20ശതമാനം അധികവായ്പയും നൽകി. 26 സ്റ്റാർട്ടപ്പുകൾക്ക് 27.60 കോടി രൂപ ഈടുരഹിത വായ്പനൽകി. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന
പദ്ധതിയിൽ 1,969 വ്യവസായങ്ങൾക്ക് 5 ശതമാനം പലിശയിൽ ഒരുകോടി
രൂപവരെ വായ്പ അനുവദിച്ചു.