പ്രവാചക പരാമർശം: പ്രവാസികൾക്ക് ആശങ്ക വേണ്ട: പീയൂഷ് ഗോയൽ

Wednesday 08 June 2022 5:28 AM IST

കൊച്ചി:പ്രവാചകനെ പറ്റി ബി.ജെ.പി മുൻ വക്താവ് നൂപുർ ശർമ്മ നടത്തിയ പരാമർശത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇന്ത്യക്കാർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു.

ലോകരാജ്യങ്ങളുമായി മികച്ച ബന്ധം മോദി സർക്കാരിനുണ്ട്. നൂപുർ ശർമ്മയുടെ പരാമർശങ്ങൾ കേന്ദ്രസർക്കാരിന്റെ നിലപാടല്ല. അത് സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ല. ഇന്ത്യയുടെ നിലപാട് വിദേശ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യൻ ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടില്ല.

നൂപുർ ശർമ്മയ്ക്ക് എതിരെ ശക്തമായ നടപടി ബി.ജെ.പി സ്വീകരിച്ചിട്ടുണ്ട്. ഇങ്ങിനെ നടപടിയെടുക്കുന്ന പാർട്ടി രാജ്യത്ത് വേറെയുണ്ടോയെന്നും പീയൂഷ് ഗോയൽ ചോദിച്ചു.

'കേരളം ഭീകരരുടെ

റിക്രൂട്ടിംഗ് കേന്ദ്രം'

കേരളമാണ് കൊവിഡ് വ്യാപനത്തെ ഏറ്റവും മോശമായി കൈകാര്യം ചെയ്തതത്. സംസ്ഥാനത്തെ ക്രമസമാധാനം താറുമാറാണ്. ആഭ്യന്തര വകുപ്പ് നോക്കുകുത്തിയായി. എൽ.ഡി.എഫും യു.ഡി.എഫും അക്രമരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നു. കേരളം ഭീകരസംഘങ്ങളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി. സി.പി.എം - എസ്.ഡി.പി.ഐ - പോപ്പുലർ ഫ്രണ്ട് രഹസ്യധാരണയുണ്ട്. സിൽവർ ലൈനിന് ഇതുവരെ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ല. പരിസ്ഥിതിയെ ഏറെ ദോഷകരമായി ബാധിക്കുന്നതാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.

Advertisement
Advertisement