ഓൾ ദ ബെസ്റ്റ് ഇന്ത്യ

Wednesday 08 June 2022 5:39 AM IST

കൊൽക്കത്ത : എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബാൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ ഇന്ന് കംബോഡിയയെ നേരിടും. രാത്രി 8.30മുതൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേ‌ഡിയത്തിലാണ് മത്സരം. റാങ്കിംഗിൽ തങ്ങളെക്കാൾ വളരെ താഴെയുള്ള കംബോഡിയയുടെ വെല്ലുവിളി മറികടക്കാനാകുമെന്ന് തന്നെയാണ് ഇന്ത്യൻ സംഘത്തിന്റെ പ്രതീക്ഷ. ലോക റാങ്കിംഗിൽ ഇന്ത്യ 106-ാമതും കംബോഡിയ 171-ാം സ്ഥാനത്തുമാണ്. മൂന്നാം റൗണ്ട് ഗ്രൂപ്പ് ഡിയിൽ കംബോഡിയയെക്കൂടാതെ റാങ്കിംഗിൽ തങ്ങളെക്കാൾ താഴെയുള്ള അഫ്ഗാനിസ്ഥാൻ (150) , ഹോങ്കോംഗ് (147) എന്നീ ടീമുകളാണ് ഉള്ളത് അതിനാൽ തന്നെ ഗ്രൂപ്പിൽ നിന്ന് മുന്നോട്ട് പോകാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് സുനിൽ ഛെത്രിയും സംഘവും. മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹൽ അബ്ദു സമദും ടീമിലുണ്ട്. ലിസ്റ്റൺ കൊളാക്കോ, ഉദാണ്ഡത സിംഗ്,മൻവീ‌ർ സിംഗ് എന്നിവരെല്ലാം മിന്നലാട്ടം തുടരുമെന്ന് ഇന്ത്യൻ ക്യാമ്പ് കരുതുന്നു.

അതേസമയം ഇഗോർ സ്റ്റിമാച്ച് പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീമിന് അടുത്ത കാലത്തായി അത്രനല്ല സമയമല്ല.

ബഹ്‌റിനും ബെലറൂസിനും ജോർദാനുമെതിരെ അവസാനം കളിച്ച മൂന്ന് സൗഹൃദമത്സരങ്ങളിലും ഇന്ത്യയ്ക്ക് തോൽവി ആയിരുന്നു ഫലം. ഇന്ത്യ ഒരു മത്സരം ജയിച്ചിട്ട് ഏഴ് മാസമായി.

ഒക്ടോബർ 16ന് സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ നേപ്പാളിനെതിരെ നേടിയ ജയമാണ് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ അവസാനത്തേത്.

അതേസമയം ഏകദേശം മൂന്ന് വർഷത്തിന് ശേഷം നാട്ടിൽ കളിക്കുന്നതിന്റെ ആനുകൂല്യം ഗുണം ചെയ്യുമെന്നാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ. പിന്തുണയുമായി ആരാധകർ സാൾട്ട് ലേക്കിലേക്ക് ഒഴുകിയെത്തിയാൽ കാര്യങ്ങൾ എളുപ്പമാകുമെന്ന് നായകൻ സുനിൽ ഛെത്രിയും പറയുന്നു. ഇന്ത്യയുടെ മത്സരത്തിന് തണുപ്പൻ പ്രതികരണമാണ് കൊൽക്കത്തയിലെ കാൽപ്പന്താരാധകരിൽ നിന് ഉണ്ടായത്. അതിനാൽ മത്സരത്തിന് സൗജന്യ പ്രവേശനമനുവദിക്കാൻ ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ തീരുമാനിക്കുകയായിരുന്നു.

വൈകിട്ട് 4.30ന് തുടങ്ങുന്ന ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ അഫ്ഗാനും ഹോങ്കോംഗും തമ്മിൽ ഏറ്റുമുട്ടും.

തകർക്കാൻ ഛെത്രി

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ സൂപ്പർ താരം സുനിൽ ഛെത്രിയാണ് ടീം ഇന്ത്യയുടെ കുന്തമുന. പരിക്കിൽ നിന്ന് പൂർണമായും മോചിതനായാണ് ഛെത്രി ബൂട്ടുകെട്ടുന്നത്. ഉടൻ തന്നെ വിരമിക്കുമെന്ന സൂചന നൽകിക്കഴിഞ്ഞ 37കാരനായ ഛെത്രിയുടെ ലക്ഷ്യം ഇന്ത്യൻ ടീമിന്റെ ഏഷ്യൻ കപ്പ് യോഗ്യതയാണ്. 126 മത്സരങ്ങളിൽ നിന്ന് ഇന്ത്യയ്ക്കായി 80 ഗോളുകൾ നേടിക്കഴിഞ്ഞ ഛെത്രി അന്താരാഷ്‌ട്ര തലത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ യു.എ.ഇയുടെ അൽമബ്ക്കൗട്ടിനൊപ്പം ആറാം സ്ഥാനത്താണ്.

Advertisement
Advertisement