റെനോൾഡ് മോഡൽ, വർക്ക് ഫ്രം ജേർണി

Thursday 09 June 2022 12:56 AM IST

കൊച്ചി: കോട്ടയംകാരൻ റെനോൾഡ് ജോസ് തോമസിന് യാത്ര തന്നെയാണ് ജീവിതം. ഐ.ടി പ്രൊഫഷണലായ ഈ 29കാരൻ ജോലി ചെയ്യുന്നതും യാത്രയ്ക്കിടയിൽ തന്നെ.

എൻജിനീയറിംഗ് പഠനകാലത്താണ് റെനോൾഡ് യാത്രയുടെ ലോകത്തെത്തുന്നത്. ടെക്‌നോപാർക്ക് ജോലിക്കാലത്ത് അത് ജീവിതത്തിന്റെ ഭാഗമായി. അഞ്ചു വർഷം മുമ്പ് ബംഗളുരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്ലിവോ എന്ന കമ്പനിയിലെത്തി. വർക്ക് ഫ്രം ഹോം കാലമായ കൊവിഡ് റെനോൾഡിനെ സമ്പൂർണ്ണ സഞ്ചാരിയാക്കി . ലോക്ക് ഡൗൺ പിൻവലിച്ചപ്പോൾ ബാക് പാക്കും ലാപ്‌ടോപ്പ് ബാഗുമായി രാജ്യസഞ്ചാരം ആരംഭിച്ചു. ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാൻ, കാശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉൾപ്രദേശങ്ങളിൽ മാസങ്ങളോളം ചെലവഴിച്ചു. ഹോംസ്റ്റേകളിലും ഹോസ്റ്റലുകളിലുമായിരുന്നു മുഖ്യമായും താമസം. വൈഫൈ ഇല്ലാത്ത സ്ഥലങ്ങളിൽ മൊബൈൽഡാറ്റയിൽ ജോലി ചെയ്തു. രാവിലെ 11ന് ഓഫീസ് യോഗം കഴിഞ്ഞാൽ നാടുകാണാനിറങ്ങും. സമയബന്ധിതമായി ഓഫീസ് ജോലി ചെയ്യണമെന്ന നിബന്ധനയില്ലാത്തത് അനുഗ്രഹമായി. ഉറങ്ങുന്നതിന് മുമ്പ് അതത് ദിവസത്തെ ഔദ്യോഗിക ജോലികൾ പൂർത്തിയാക്കുന്നതിനാൽ കമ്പനിയും ഹാപ്പി. വാരാന്ത്യങ്ങളിൽ സഞ്ചാരം മാത്രം.

 യാത്ര തുടരും.....

ചേതോഹരമായ ദ്യശ്യങ്ങൾ , നന്മ നിറഞ്ഞ ഗ്രാമീണർ, വേറിട്ട വ്യക്തിത്വങ്ങൾ... അങ്ങനെ അനുഭവങ്ങളുടെ വിശാലമായ ലോകമാണ് യാത്ര തുറന്നിട്ടത്.

കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ആദ്യ യാത്ര. പിന്നീട് ലക്ഷ്യമില്ലാത്ത യാത്രകളായി. തദ്ദേശവാസികളുടെ നിർദ്ദേശങ്ങൾക്ക് മുൻഗണന നൽകും. ഒരു ദിവസത്തെ ചെലവ് ആയിരം രൂപയിൽ നിർത്തും. രണ്ടോ മൂന്നോ മാസം ഒരേ സ്ഥലത്ത് താമസിക്കുന്നതാണ് പതിവ്. അപ്പോഴേക്കും നാട്ടുകാരുമായി നല്ല അടുപ്പത്തിലാവും. ഉൗടുവഴികൾ വരെ ഹൃദിസ്ഥമാകും. ഇൻസ്റ്റഗ്രാം വഴി യാത്രാവിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. പുതിയ യൂട്യൂബ് ചാനൽ തുടങ്ങാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. യാത്രയും കരിയറും ഒപ്പം കൊണ്ടുപോകാൻ തന്നെയാണ് തീരുമാനം. ഓഫീസിലേക്ക് മടങ്ങിച്ചെല്ലണമെന്ന് വന്നാൽ ജോലി ഉപേക്ഷിക്കുമെന്ന് റെനോൾഡ് പറയുന്നു. മണിമല കരിക്കാട്ടൂർ വട്ടംതൊട്ടിയിൽ വീട്ടിൽ തോമസ് ജോസഫിന്റെയും എൽസമ്മ തോമസിന്റെയും മകനാണ്. ഒരു സഹോദരനുണ്ട്.

 മദ്യം നിഷിദ്ധമായ

ഗ്രാമങ്ങൾ

സൗഹൃദങ്ങളാണ് സഞ്ചാരത്തിൽ നിന്നു ലഭിച്ച ഏറ്റവും വലിയ സമ്പാദ്യം. ഓരോ സ്ഥലത്തും കണ്ടുമുട്ടിയവർ പിന്നീട് സഹയാത്രികരായി. കുഞ്ഞുമകളുമായെത്തിയ സ്വീഡൻകാരി ഒന്നര മാസത്തോളം യാത്രാ സംഘത്തിലുണ്ടായിരുന്നു. ഷെയർ ടാക്‌സികളിലായിരുന്നു സഞ്ചാരം. ഇടയ്ക്ക് സഹപ്രവർത്തകർ ട്രെക്കിംഗിൽ പങ്കുചേരും. മദ്യം അനുവദിക്കാത്ത ഗ്രാമങ്ങളുണ്ട്. കഞ്ചാവിന്റെ പേരിൽ പ്രശസ്തമായ ഹിമാചൽപ്രദേശിലെ മലാന ഗ്രാമത്തിലും തങ്ങിയിട്ടുണ്ട് . അവിടെ മയക്കുമരുന്നിന് വിലക്കില്ല. അടച്ചുപൂട്ടില്ലാത്ത മുറികളാണ് കാശ്മീരിന്റെ പ്രത്യേകത. സാധനങ്ങൾ നഷ്ടപ്പെടുമെന്ന ഭയം വേണ്ട, ഇന്ത്യയിലെ ഓരോ ഗ്രാമവും വത്യസ്തമായ അനുഭവമാണ് .

റെനോൾഡ് ജോസ് തോമസ്

Advertisement
Advertisement