വിദ്യാർത്ഥികളുടെ സാമൂഹ്യമികവ് വളർത്താൻ 'സഹിതം' പോർട്ടൽ

Thursday 09 June 2022 12:20 AM IST

പാലക്കാട്: പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും വൈകാരിക പ്രശ്നങ്ങളുടെ പരിഹാരത്തിനും അദ്ധ്യാപകർ മെന്റർമാരായി പ്രവർത്തിക്കുന്ന 'സഹിതം' പദ്ധതിയുമായി വിദ്യാഭ്യാസവകുപ്പ്. എസ്.എസി.ഇ.ആർ.ടിയുടെ അക്കാഡമിക പിന്തുണയോടെ കൈറ്റാണ് പോർട്ടൽ സജ്ജീകരിച്ചിട്ടുള്ളത്. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസിലെ വിദ്യാർത്ഥികളാണ് പദ്ധതിയിൽ ഉൾപ്പെടുക. നിശ്ചിത കുട്ടികളുടെ മെന്റർമാരായി ഓരോ അദ്ധ്യാപകരും പ്രവർത്തിക്കും.

ഓരോ വിദ്യാർത്ഥിയുടെയും സാമൂഹ്യശേഷി, ഭാഷാശേഷി, ഗണിതശേഷി, ശാസ്ത്രാഭിമുഖ്യം തുടങ്ങി പഠനത്തിലുണ്ടാകുന്ന പുരോഗതി നിരന്തരം നിരീക്ഷിക്കാനും ഓൺലൈനായി രേഖപ്പെടുത്താനും മെന്റർമാരായ അദ്ധ്യാപകർക്ക് പോർട്ടലിലൂടെ സാധിക്കും. കൂടാതെ വിദ്യാർത്ഥികൾക്ക് വിവിധ വിഷയത്തിൽ പ്രൊഫൈലുകൾ തയ്യാറാക്കാനും പോർട്ടലിൽ സൗകര്യമുണ്ട്. വിദ്യാർത്ഥികളുടെ വ്യക്തിപരമായ പ്രശ്നങ്ങളും തിരിച്ചറിഞ്ഞ് അവ മറികടക്കാൻ സഹായിക്കുകയും സവിശേഷ കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

വീടുകളിൽ പോയി കുടുംബസാഹചര്യങ്ങൾ കൂടി പഠിച്ച് ഓരോ വിദ്യാർത്ഥിയുടെയും ഡിജിറ്റൽ വ്യക്തി വിവര രേഖ തയ്യാറാക്കി പോർട്ടലിൽ അപ്‌ലോഡ് ചെയ്യും. ഇത് അതതു സമയങ്ങളിൽ പുതുക്കി കുട്ടികളുടെ സമഗ്ര വ്യക്തി വികസന രേഖയാക്കി മാറ്റുകയും ചെയ്യും. പെരുമാറ്റ വൈകല്യങ്ങൾ, ദുശീലങ്ങൾ എന്നിവയുണ്ടെങ്കിൽ കാരണം കണ്ടെത്തി പരിഹരിക്കാൻ അദ്ധ്യാപകർ നേതൃത്വം നൽകും. ആവശ്യമെങ്കിൽ വിദഗ്‌ദ്ധ സഹായം ലഭ്യമാക്കും. ക്ലാസ് മുറിക്കു പുറത്ത് കുട്ടികളുമായി വ്യക്തിബന്ധം വർദ്ധിപ്പിക്കാൻ യാത്രകളും പാഠ്യേതര പ്രവർത്തനങ്ങളും നടത്തും. എല്ലാ സ്‌കൂളുകളിലും വിദ്യാഭ്യാസവകുപ്പ് ഒരു ഉദ്യോഗസ്ഥനെ വീതം ചുമതലപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി ജില്ലാ ഡി.ഡി.ഇയുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള മോണിറ്ററിംഗ് സമിതി ആഴ്ചയിൽ ഒരിക്കൽ സ്‌കൂളുകൾ സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തും.

 കുട്ടിയെ അറിയുക, കുട്ടിയെ വളർത്തുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൊവിഡ് മൂലം ഓൺലൈൻ ക്ലാസുകളുടെ ഭാഗമായി നീണ്ടകാലം വീടുകളിൽ കഴിഞ്ഞ കുട്ടികളുടെ മാനസിക സമ്മർദ്ദം വർദ്ധിക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

അജിത, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ, പാലക്കാട്.

Advertisement
Advertisement