ഈവർഷം ഒരുലക്ഷം പുതിയ സംരംഭങ്ങൾ: മന്ത്രി പി. രാജീവ്

Thursday 09 June 2022 3:08 AM IST

തിരുവനന്തപുരം: കേരളത്തിൽ ഈവർഷം ഒരുലക്ഷം പുതിയ ചെറുകിട വ്യവസായ സംരംഭങ്ങൾ ആരംഭിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ വ്യവസായവകുപ്പിന്റെ പരാതി പരിഹാരസംവിധാനമായ ഗ്രീവൻസ് റിഡ്രസൽ പോർട്ടൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നിക്ഷേപകരെ കണ്ടെത്താനും സഹായങ്ങൾ ലഭ്യമാക്കാനുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 1,155 എം.ബി.എ., ബി.ടെക് ബിരുദധാരികളെ നിയോഗിച്ചെന്നും മന്ത്രി പറഞ്ഞു. സ്വകാര്യവ്യവസായ എസ്റ്റേറ്റിന്റെ വികസന അനുമതിക്കുള്ള പോർട്ടലിന്റെ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു.

സംരംഭകർക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാവുന്ന പരാതി പരിഹാരസംവിധാനം ജില്ലാ/സംസ്ഥാന പരാതി പരിഹാരകമ്മിറ്റികൾ മുഖേനയാണ് പ്രവർത്തിക്കുക. 5 കോടി രൂപവരെ നിക്ഷേപമുള്ള

വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാകമ്മിറ്റിക്കും അപ്പീലുകളും അഞ്ച് കോടിക്കുമേൽ നിക്ഷേപമുള്ള സ്ഥാപനങ്ങളുടെ പരാതികളും സംസ്ഥാന കമ്മിറ്റിക്കുമാണ് നൽകേണ്ടത്.
വ്യവസായത്തിന് അനുയോജ്യമായ പത്തേക്കറോ അതിലധികമോ വരുന്ന സ്വകാര്യഭൂമി വ്യവസായ എസ്റ്റേറ്റായി വികസിപ്പിക്കാൻ പരമാവധി മൂന്ന് കോടിരൂപ വരെ സർക്കാർ ധനസഹായം നൽകും. കുറഞ്ഞത് അഞ്ചേക്കർ വ്യവസായഭൂമിയിൽ പദ്ധതിയുടെ ഭാഗമായി സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾ സ്ഥാപിക്കാം.

വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല അദ്ധ്യക്ഷത വഹിച്ചു. കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ്‌ കോശി തോമസ്, ഡോ.എം.ഐ.സഹദുള്ള, പി.ഗണേഷ്, ഫസലുദ്ദീൻ, വ്യവസായവകുപ്പ് ഡയറക്ടർ ഹരികിഷോർ, ജോയിന്റ് ഡയറക്ടർ ജി.രാജീവ് എന്നിവർ സംസാരിച്ചു.

Advertisement
Advertisement