'പൊലീസിന് എന്നെ അറിയാം, എന്നിട്ടും വേട്ടയാടുന്നു'

Thursday 09 June 2022 12:38 AM IST
ആശുപത്രിയിൽ കഴിയുന്ന മനു

ഇലവുംതിട്ട എസ്.എെയുടെ അടിയേറ്റ് കർണപടം

പൊട്ടിയ ഡി.വൈ.എഫ്.എെ നേതാവ് പറയുന്നു

കോഴഞ്ചേരി: 'പൊലീസ് സ്റ്റേഷന് തൊട്ടടുത്താണ് എന്റെ വീട്. എന്നെ പൊലീസുകാർക്ക് അറിയാം. എന്നിട്ടും അടിച്ച് കർണപടം പൊട്ടിക്കുകയായിരുന്നു....' ഇലവുംതിട്ട ജനമൈത്രി പൊലീസ് സ്റ്റേഷനിലെ എസ്.എെയുടെ അടിയേറ്റ് ആശുപത്രിയിൽ കഴിയുന്ന മെഴുവേലി സതീഷ് ഭവനിൽ എസ്. മനു സതീഷ് (38) പറയുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

പൊലീസുകാർക്ക് എന്നെ അറിയാവുന്നതാണ്. ജോലിക്കിടയിൽ ഉച്ചയ്ക്ക് വീട്ടിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു. അതുവഴി എത്തിയ എസ്.ഐ തടഞ്ഞു നിറുത്തി. കഞ്ചാവാണോ എന്ന് ചോദിച്ചു. തുടർന്ന് കഞ്ചാവ് പൊതിയുണ്ടോ എന്ന് അറിയണമെന്നും വസ്ത്രം അഴിക്കണമെന്നും ആവശ്യപ്പെട്ടു. ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് പ്രകോപിതനായി ജീപ്പിൽ നിന്ന് ഇറങ്ങി വന്ന് ഇരുചെവികളും ചേർത്ത് അടിക്കുകയായിരുന്നു. തുടർന്ന് വണ്ടിയിൽ കയറ്റി സ്റ്റേഷനിലേക്ക് എത്തിച്ചു. നാട്ടുകാരും ഡി.വൈ.എഫ്.ഐ പ്രവർത്തകരും എത്തിയതിനെ തുടർന്ന് വിട്ടയക്കുകയായിരുന്നു. തനിക്കെതിരെ മന:പ്പൂർവമാണ് പൊലീസ് പെരുമാറുന്നത്. ഇക്കഴിഞ്ഞ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് ചുമരെഴുതാൻ രാത്രിയിൽ ഇലവുംതിട്ട ജംഗ്ഷനിൽ എത്തിയപ്പോഴും പൊലീസ് അനാവശ്യമായി തട്ടിക്കയറിയിരുന്നു. അതിന്റെ തുടർച്ചയായിട്ടാണ് കഴിഞ്ഞ ദിവസത്തെ മർദ്ദനം.
ചെവിക്കും കഴുത്തിനും വേദനയുണ്ട്. പരിശോധനയിൽ കർണപുടം പൊട്ടിയതായി മനസിലായി. എസ്.ഐക്കെതിരെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി. എന്നാൽ, തങ്ങൾ മനുവിനെ മർദ്ദിച്ചിട്ടില്ല എന്നാണ് ഇലവുംതിട്ട പൊലീസിന്റെ വിശദീകരണം. പട്രോളിംഗിനിടെ പേര് ചോദിച്ചപ്പോൾ പറഞ്ഞില്ല. അതുകൊണ്ടാണ് സ്റ്റേഷനിൽ കൊണ്ടുപോയത്. പാർട്ടി പ്രവർത്തകർ എത്തിയപ്പോൾ വിട്ടയച്ചെന്ന് പൊലീസ് പറഞ്ഞു.

Advertisement
Advertisement