ബസുകൾ ക്ലാസ് മുറികളാക്കരുതെന്ന് ഹൈക്കോടതി: കീഴ് ജീവനക്കാർക്ക് ആദ്യം ശമ്പളം, അതുകഴിഞ്ഞ് മതി മേലേക്ക്

Thursday 09 June 2022 2:28 AM IST

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ, കണ്ടക്‌ടർ, മെക്കാനിക്ക്, സ്റ്റോർ ജീവനക്കാർ എന്നിവർക്ക് കഴിയുന്നത്ര വേഗം ശമ്പളം നൽകണമെന്നും മേലുദ്യോഗസ്ഥർക്ക് അതുകഴിഞ്ഞ് മതിയെന്നും ഹൈക്കോടതിയുടെ ഉത്തരവ്. എത്ര ഉയർന്ന ഉദ്യോഗസ്ഥനായാലും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഇതു പാലിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിട്ടു. ഇങ്ങനെ പോയാൽ ഐ.എ.എസ് ഉദ്യോഗസ്ഥനായ കെ.എസ്.ആർ.ടി.സി ചെയർമാന് സർക്കാർ നൽകുന്ന ശമ്പളവും തടയേണ്ടി വരും.

ബസുകൾ ക്ലാസ് മുറികളുണ്ടാക്കുന്നതു നിറുത്തണം. തുരുമ്പ് വിലയ്ക്ക് വിൽക്കുന്നതിന് പകരം സർവീസ് നടത്തി നേട്ടമുണ്ടാക്കണം. ശമ്പളം വൈകലിനെതിരെ ആർ. ബാജി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്.

കെ.എസ്.ആർ.ടി.സി ഉടനൊന്നും മെച്ചപ്പെടുമെന്ന് തോന്നുന്നില്ല. സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം- കോടതി പറഞ്ഞു. സർക്കാർ ഇക്കാര്യം ചിന്തിക്കുന്നുണ്ടെന്നും അടുത്തയാഴ്ച വിശദീകരണം നൽകാമെന്നും സർക്കാർ അഭിഭാഷകൻ അറിയിച്ചു. ജീവനക്കാരുടെ നിസഹകരണമാണ് നിലവിലെ സ്ഥിതിക്കു കാരണമെന്നും അഭിഭാഷകൻ വ്യക്തമാക്കി. ഹർജികൾ 21ലേക്ക് മാറ്റി.

 സമരം തുടർന്നാൽ ഇടപെടില്ല

സമരം തുടരുകയാണെങ്കിൽ കോടതി വിഷയത്തിൽ ഇടപെടില്ല. ജീവനക്കാർക്ക് ശമ്പളത്തെക്കുറിച്ചു മാത്രമാണ് ആശങ്കയെന്നാണ് കെ.എസ്.ആർ.ടി.സിയുടെ വിശദീകരണത്തിൽ പറയുന്നത്. എന്നാൽ മറ്റ് ആശങ്കകൾ അവർക്കല്ല മാനേജ്‌മെന്റിനാണുണ്ടാകേണ്ടത്. സർക്കാർ ഇതിൽ നിന്ന് തലയൂരാൻ നോക്കരുത്.

2020ൽ തമിഴ്‌നാട്ടിലെ അവിനാശിയിൽ ബസപകടത്തിൽ മരിച്ച കെ.എസ്.ആർ.ടി.സി ഡ്രൈവർ വി.ഡി. ഗിരീഷ്, കണ്ടക്‌ടർ വി.ആർ. ബൈജു എന്നിവരുടെ സ്തുത്യർഹമായ സേവനത്തെ ഹൈക്കോടതി അനുസ്‌മരിച്ചു. മിണ്ടിയാൽ അവകാശത്തെക്കുറിച്ചു മാത്രം പറയുന്നവർ ഇവരുടെ സേവനങ്ങൾ വിസ്മരിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ മകളും ഈ അപടത്തിൽ മരിച്ചിരുന്നു.

 സ്വത്ത്, വായ്‌പാ വിവരം നൽകണം

സമഗ്ര പരിഹാരത്തിന് കെ.എസ്.ആർ.ടി.സിയുടെ വസ്തുവും വാഹനങ്ങളുടക്കമുള്ള സ്വത്തു വിവരവും ബാങ്ക് ലോണുകൾ സംബന്ധിച്ച വിവരങ്ങളും അറിയിക്കണം. എന്താവശ്യങ്ങൾക്കാണ് വായ്പ എടുത്തതെന്നും അവ എന്തിനുപയോഗിച്ചെന്നും അറിയിക്കണം. അന്വേഷണം നടത്താനല്ല, കെ.എസ്.ആർ.ടി.സിയെ കാര്യക്ഷമമാക്കാൻ എന്തു ചെയ്യാനാവുമെന്ന് പരിശോധിക്കാനാണിതെന്നും ഉത്തരവിൽ പറയുന്നു.

Advertisement
Advertisement