മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് സ്വപ്‌ന, ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കിൽ തിടുക്കം കാണിക്കുന്നതെന്തിനെന്ന് കോടതി
കൊച്ചി: മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തന്നെ പരിഗണിക്കണമെന്ന് സ്വപ്‌ന സുരേഷ്. ഇടക്കാല ഉത്തരവ് വേണമെന്നും സ്വപ്‌നയുടെ അഭിഭാഷകൻ ഹെെക്കോടതിയിൽ ആവശ്യപ്പെട്ടു. പല ഭാഗത്ത് നിന്നും ഭീഷണിയുണ്ടാകുന്നുവെന്നും അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
ജാമ്യം ലഭിക്കുന്ന കുറ്റമാണെങ്കിൽ തിടുക്കം കാണിക്കുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. മുൻ മന്ത്രി കെ.ടി ജലീലിന്റെ പരാതിയിന്മേലുള്ള കേസിലാണ് മുൻകൂർ ജാമ്യത്തിന് സ്വപ്‌ന അപേക്ഷ നൽകിയത്.
മുൻകൂർ ജാമ്യാപേക്ഷയിൽ ഷാജി കിരൺ എന്നയാൾ വിളിച്ചുവെന്നും വധഭീഷണി മുഴക്കിയെന്നും സ്വപ്ന ആരോപിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരായ മൊഴി പിൻവലിക്കാൻ ഷാജി കിരൺ ആവശ്യപ്പെട്ടുവെന്നും അനുസരിച്ചില്ലെങ്കിൽ അറസ്റ്റുണ്ടാകുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നുപറഞ്ഞ സ്വപ്ന ശബ്‌ദരേഖ കെെയിലുണ്ടെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
സ്വർണ്ണക്കടത്ത് കേസിലെ സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെതിരെയാണ് കെ.ടി ജലീൽ പരാതി നൽകിയത്. പരാതിയിൽ സ്വപ്‌ന സുരേഷിനെയും പി.സി ജോർജിനെയും പ്രതിചേർത്ത് കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. സ്വപ്‌ന തനിക്കെതിരെ ഗൂഢാലോചനയും അപകീർത്തികരമായ പരാമർശങ്ങളും വ്യാജ പ്രചരണവും നടത്തിയെന്നാണ് ജലീലിന്റെ പരാതിയിൽ പറയുന്നത്.
ഐ.പി.സി 153 (കലാപത്തിനുള്ള ആഹ്വാനം), 120-ബി (ഗൂഢാലോചന) വകുപ്പുകൾ ചുമത്തിയാണ് കേസ്. രണ്ടും ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ്. തെളിഞ്ഞാൽ ആറു മാസം തടവു ശിക്ഷ കിട്ടാം. ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേത്യത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. പന്ത്രണ്ടംഗ സംഘത്തിൽ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയും കണ്ണൂർ അഡീഷണൽ എസ്പിയും ഉണ്ട്.
സ്വർണക്കടത്ത് കേസിൽ ഇ.ഡി അന്തിമ കുറ്റപത്രം നൽകാനിരിക്കെയാണ് സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. 2016ൽ വിദേശ സന്ദർശനത്തിനിടെ മുഖ്യമന്ത്രി നയതന്ത്ര ചാനൽ വഴി കറൻസി കടത്തിയെന്നും സ്‌കാനിംഗിൽ ബാഗിൽ കറൻസിയാണെന്ന് തെളിഞ്ഞിരുന്നതായാണ് സ്വപ്‌നയുടെ ഒരു ആരോപണം. ക്ളിഫ്‌ഹൗസിലേക്ക് ബിരിയാണി ചെമ്പിൽ ഭാരമുളള ലോഹം കടത്തിയെന്നും സ്വപ്‌ന ആരോപിച്ചു.
വിദേശത്തേക്ക് കറൻസി കടത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, മകൾ വീണ, എം.ശിവശങ്കർ, കെ.ടി ജലീൽ, സി.എം രവീന്ദ്രൻ, നളിനി നെറ്റോ എന്നിവർക്ക് അറിവുണ്ടായിരുന്നതായാണ് സ്വപ്‌ന ആരോപിച്ചത്. സ്വപ്‌നയുടെ ആരോപണത്തിന് പിന്നാലെ സരിത്തിനെ ഇന്നലെ നാടകീയമായി വിജിലൻസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു