ട്രോളിംഗ് നിരോധനം തുടങ്ങി

Friday 10 June 2022 12:26 AM IST

വൈപ്പിൻ/പള്ളുരുത്തി: ട്രോളിംഗ് നിരോധനം നിലവിൽവന്നു. ജൂലായ് 31 വരെ 52 ദിവസം ബോട്ടുകൾ കടലിലേക്ക് ഇറക്കില്ല. മുനമ്പം, കാളമുക്ക്, വൈപ്പിൻ മേഖലയിൽ നിന്നുള്ള എഴുനൂറോളം ബോട്ടുകൾ കായലിൽ കെട്ടിയിട്ടു. തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും അന്യസംസ്ഥാനക്കാരാണ്. ഇവരിൽ വലിയൊരു ശതമാനവും തമിഴ്‌നാട്ടിലെ കുളച്ചാൽ സ്വദേശികളാണ്. ഇവർ നാട്ടിലേക്ക് മടങ്ങി. മറ്റുള്ളവർ ഇവിടെത്തന്നെ തങ്ങി മറ്റ് തൊഴിലുകളിൽ ഏർപ്പെടും.

നിരോധനം നിലവിൽ വന്നതോടെ മറൈൻ ഡീസൽ ബങ്കുകൾ, ഐസ് പ്ലാന്റുകൾ, പീലിംഗ് ഷെഡുകൾ, ഹാർബറുകൾ എന്നിവ നിശ്ചലമായി. മറൈൻ വർക്ക് ഷോപ്പുകൾ, ബോട്ട് യാർഡുകൾ, വല റിപ്പയർ സെന്ററുകൾ എന്നിവ നിരോധന കാലയളവിൽ കൂടുതൽ സജീവമാകും.

സംസ്ഥാനത്തെ വിവിധ ഹാർബറുകളിലായി 4200 ഓളം മത്സ്യബന്ധന ബോട്ടുകളാണുള്ളത്. നാല് ലക്ഷത്തോളം തൊഴിലാളികൾക്ക് ട്രോളിംഗ് നിരോധനകാലത്ത് തൊഴിൽ നഷ്ടപ്പെടുമെന്നാണ് കണക്ക്. ട്രോളിംഗ് ബോട്ടുകളിലെ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സർക്കാരിന്റെ ആശ്വാസ നടപടി എന്ന നിലയിൽ 43 കിലോ ഭക്ഷ്യധാന്യം സൗജന്യമായി ലഭിക്കും. അരലക്ഷം കുടുംബങ്ങൾക്കാണ് സഹായം ലഭ്യമാകുക. ക്ഷേമനിധി വഴിയുള്ള സാമ്പത്തികസഹായവും ലഭിക്കും.

 പരമ്പരാഗത മത്സ്യയാനങ്ങൾക്ക് മത്സ്യബന്ധനം നടത്താം

നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യയാനങ്ങൾക്ക് സംസ്ഥാനതീരത്ത് മത്സ്യബന്ധനം നടത്താൻ അനുവാദമുണ്ട്. പരമ്പരാഗത യാനങ്ങൾക്ക് ഇന്ധനം നിറക്കുന്നതിനായി മത്സ്യഫെഡ് ബങ്കുകൾക്ക് പുറമേ തിരഞ്ഞെടുക്കപ്പെട്ട ബങ്കുകൾ മാത്രം പ്രവർത്തിക്കും. മുനമ്പത്തും വൈപ്പിനിലുമായി രണ്ട് ബങ്കുകൾ ഇതിനായി സജ്ജമാക്കിയതായി മറൈൻ എൻഫോഴ്സ്‌മെന്റ് അധികൃതർ അറിയിച്ചു. മൂന്ന് ബോട്ടുകൾ തീരത്ത് നിരീക്ഷണം നടത്തും. അധികമായി സീഗാർഡുകളുമുണ്ട്. വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾറൂമുണ്ട്. കോസ്റ്റ്ഗാർഡ് കപ്പലുകളും ഹെലികോപ്ടറും പട്രോളിംഗ് നടത്തും. ഇൻബോർഡ് വള്ളത്തിനൊപ്പം ഒരു കാരിയർവള്ളമേ അനുവദിക്കൂ. കടലിൽ പോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ബയോമെട്രിക് തിരിച്ചറിയൽകാർഡും സുരക്ഷാഉപകരണങ്ങളും കരുതണം.

 വേണ്ടത് ഫിഷിംഗ് ഹോളിഡേയെന്ന്

ട്രോളിംഗ് നിരോധനം അശാസ്ത്രീയമാണെന്നും വേണ്ടത് സമ്പൂർണ നിരോധനമായ ഫിഷിംഗ് ഹോളിഡേയാണെന്നും ആവശ്യമുയർന്നിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്ത് ബോട്ടുകളും വള്ളങ്ങളും കടലിൽ പോകാതിരുന്നതിനുശേഷം പോയപ്പോൾ നല്ല രീതിയിലായിരുന്നു മത്സ്യലഭ്യത. സമ്പൂർണ ഫിഷിംഗ് ഹോളിഡേയാണെങ്കിൽ കടലിൽ മത്സ്യസമ്പത്ത് വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ. ഇതിനുള്ള കാലയളവ് സംബന്ധിച്ച് മേഖലയിലെ വിദഗ്ദ്ധർ ഉൾപ്പെടെ എല്ലാവരുമായും കൂടിയാലോചിക്കണം. നിലവിലെ ട്രോളിംഗ് നിരോധനം 52 ദിവസത്തിൽനിന്ന് തൊണ്ണൂറ് ദിവസമാക്കണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളിസമൂഹം ആവശ്യപ്പെടുന്നു.

Advertisement
Advertisement