വ്യവസായ വകുപ്പിൽ സൃഷ്ടിച്ചത് 82,​358 തൊഴിൽ അവസരങ്ങൾ

Thursday 09 June 2022 11:35 PM IST

 സ്വകാര്യ പാർക്കുകൾ ഇക്കൊല്ലമെന്നും മന്ത്രി രാജീവ്

തിരുവനന്തപുരം: ഒരു വർഷം കൊണ്ട് 82,​358 തൊഴിലവസരങ്ങൾ വ്യവസായ വകുപ്പിന് കീഴിൽ സൃഷ്ടിക്കാനായെന്ന് മന്ത്രി പി.രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

4071 കോടിയുടെ നിക്ഷേപമാണ് ഈ വർഷം സംസ്ഥാനത്തുണ്ടായത്. പുതുതായി ആരംഭിച്ച മീറ്റ് ദ ഇൻവെസ്റ്റർ സംവിധാനത്തിന്റെ ഭാഗമായി 6480 കോടി രൂപയുടെ നിക്ഷേപത്തിന് ഉറപ്പ് ലഭിച്ചു. സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാൻ 14 അപേക്ഷകൾ ലഭിച്ചു. ഈ വർഷം തന്നെ പാർക്കുകൾ തുറക്കാനാവുമെന്നാണ് പ്രതീക്ഷ.

15 ഏക്കറിന് മുകളിൽ ഭൂമിയുള്ളവർക്ക് വ്യവസായം ആരംഭിക്കുന്നതിന് നിയമത്തിൽ ഇളവ് നൽകും. നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് മുഖ്യമന്ത്രി,റവന്യു മന്ത്രി എന്നിവരുമായി ചർച്ച നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കും.

21പൊതുമേഖലാ സ്ഥാപനങ്ങൾ ഈ വർഷം ലാഭമുണ്ടാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 245.6% വർദ്ധന. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രവർത്തന ലാഭം (332.2 കോടി രൂപ) കെ.എം.എം.എൽ നേടി. കൊവിഡ് കാരണം പ്രതിരോധത്തിലായ ചെറുകിട വ്യവസായികൾക്ക് 1416 കോടി രൂപയുടെ സഹായപദ്ധതി നടപ്പാക്കി.

1,522 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം എത്തിച്ചതിനൊപ്പം 20,900 തൊഴിലവസരങ്ങളും കിൻഫ്ര സൃഷ്ടിച്ചു. വിവിധ വ്യവസായ എസ്‌റ്റേറ്റുകളിലെയും പാർക്കുകളിലെയും ഭൂമിയുടെ സ്റ്റാറ്റസ് റിപ്പോർട്ട് തയ്യാറാക്കി. കൊച്ചി -ബംഗളൂരു വ്യവസായ ഇടനാഴിയ്ക്കുള്ള നടപടികളും പുരോഗമിക്കുന്നതായി മന്ത്രി പറ‌ഞ്ഞു.

പൊതുമേഖലാ നിയമനങ്ങൾക്ക്

റിക്രൂട്ട്മെന്റ് ബോർഡ്

പൊതുമേഖലാ സ്ഥാപനങ്ങളുടെ നിയമനങ്ങൾക്ക് റിക്രൂട്ട്മെന്റ് ബോർഡിന് രൂപം നൽകും. ചെയർമാനകാൻ പ്രിൻസിപ്പൽ സെക്രട്ടറി തലത്തിൽ പ്രവൃത്തി പരിചയമോ അല്ലെങ്കിൽ എം.ഡി തലത്തിൽ അഞ്ച് വർഷത്തെ പരിചയമോ വേണം. ധനകാര്യം,​നിയമം,​മാനേജ്മെന്റ് എന്നീ മേഖലയിലുള്ളവരായിരിക്കും ബോർഡ് അംഗങ്ങൾ. ഇതിന്റെ ഓർഡിനൻസ് ഉടനിറക്കും.

Advertisement
Advertisement