ട്രോളിംഗ് നിരോധനം നിലവിൽ, ബോട്ടുകൾ നങ്കൂരമിട്ടു

Friday 10 June 2022 12:19 AM IST

കൊല്ലം: ട്രോളിംഗ് നിരോധനം ഇന്നലെ അർദ്ധരാത്രി നിലവിൽ വന്നതോടെ യന്ത്രവത്കൃത ബോട്ടുകൾ തീരത്ത് നങ്കൂരമിട്ടു.

ശക്തികുളങ്ങര മുതൽ തോപ്പിൽ കടവ് വരെ അഷ്ടമുടിക്കായലിന്റെ തീരങ്ങളിൽ ബോട്ടുകൾ അടുപ്പിച്ചു. ബോട്ടുകൾ കടലിൽ പോകാതിരിക്കാൻ രാത്രി 12 മണിയോടെ നീണ്ടകര പാലത്തിന് സമാന്തരമായി ചങ്ങല കെട്ടി. നിരോധനം അവസാനിക്കുന്ന ജൂലായ് 31ന് രാത്രി മാത്രമേ ഇനി ചങ്ങല അഴിക്കൂ. ജില്ലയിൽ 750 ഓളം യാനങ്ങളാണ് നിരോധനത്തിന്റെ ഭാഗമായി തീരത്ത് അടുപ്പിച്ചത്. ഉപരിതല മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത യാനങ്ങൾക്ക് നിയന്ത്രണം ബാധകമല്ല. 52 ദിവസമാണ് ബോട്ടുകൾക്ക് നിരോധനം. കടലിൽ 12 നോട്ടിക്കൽ മൈൽ അകലെ വരെയാണ്​ നിരോധനമുളളത്. ഈ പരിധിക്ക്​ പുറത്ത് കേന്ദ്ര സർക്കാറിന്റെ ട്രോളിംഗ് നിരോധനം നിലവിലുണ്ട്. ശക്തികുളങ്ങരയിലും അഴീക്കലുമാണ് നിരോധനം ബാധകമായ ബോട്ടുകളുള്ളത്. നിരോധനം ലംഘിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ മറൈൻ എൻഫോഴ്സ്‌മെന്റും കോസ്റ്റൽ പൊലീസും കടലിൽ പട്രോളിംഗ് നടത്തുന്നുണ്ട്.

കൺട്രോൾറൂം തുറന്നു

നീണ്ടകരയിലും തങ്കശ്ശേരിയിലും അഴീക്കലിലും കൺട്രോൾ റൂമുകൾ തുറന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളിൽ രക്ഷാപ്രവർത്തനത്തിനുള്ള ബോട്ടുകളും ഉണ്ടാകും. ഇത്തവണ കാലവർഷം ശക്തമാകുമെന്ന് മുന്നറിയിപ്പുള്ളതിനാൽ ജീവൻരക്ഷാ ഉപകരണങ്ങളില്ലാതെ കടലിൽ പോകുന്ന വള്ളങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നിയന്ത്രണം ലംഘിച്ച് ബോട്ടുകൾ കടലിൽ പോയതായി കണ്ടെത്തിയാൽ രണ്ടര ലക്ഷം രൂപ പിഴ ചുമത്തും.

ലഭ്യത കുറയും,​ വില കൂടും

ഈ കാലയളവിൽ കേരളത്തിന് പുറമേ, കർണ്ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവടങ്ങളിലും ട്രോളിംഗ് നിരോധനമുണ്ട്. നിരോധനം നിലവിൽ വരുന്നതോടെ മാർക്കറ്റിൽ മത്സ്യത്തിന്റെ ലഭ്യത കുറയും. ഉപഭോക്താക്കൾക്ക് വലിയ വിലയും നൽകേണ്ടി വരും. മറ്റു സംസ്ഥാനങ്ങളിൽ നിന്നുളള മായം ചേർത്തുളള മത്സ്യം വിപണിയിലെത്തും. ജില്ലയിൽ ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ കർശന നടപടി കാരണം പഴകിയതും രാസവസ്തുക്കൾ ചേർത്തതുമായ മത്സ്യങ്ങൾക്ക് കുറവുണ്ടായിട്ടുണ്ട്. നടപടിയിൽ വീഴ്ച വന്നാൽ കൂടുതൽ വരവ് മത്സ്യങ്ങൾ മാർക്കറ്റിലെത്താം.

Advertisement
Advertisement