പടപ്പാറ : കാഴ്ചകളുടെ പറുദീസ

Friday 10 June 2022 12:29 AM IST
പടപ്പാറ ബാലമുരുക ക്ഷേത്രം

കോന്നി : കണ്ണിന് വിസ്മയമാകുന്ന കാഴ്ചകളുടെ പറുദീസയാണ് കലഞ്ഞൂർ പഞ്ചായത്തിലെ അതിരുങ്കൽ പടപ്പാറ. അനന്തമായ ടൂറിസം സാദ്ധ്യതകളുള്ള ഇൗ ഭൂപ്രദേശം ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. അതിരുങ്കൽ ജംഗ്ഷനിൽ നിന്ന് അരക്കിലോമീറ്റർ സഞ്ചരിച്ചാൽ പടപ്പാറയിലെത്താം. സന്ധ്യാനേരങ്ങളിൽ ഇളംകാറ്റേൽക്കാനും വിദൂരദൃശ്യങ്ങൾ കാണാനും കാമറയിൽ പകർത്താനുമായി ഇവിടേക്ക് നിരവധിപേരെത്താറുണ്ട്. രണ്ടേക്കറിലധികമുള്ള വിശാലമായ പാറപ്പരപ്പും സമീപത്തെ ജൈവവൈവിദ്ധ്യവും ഏറെ ആകർഷണീയമാണ്. പാറയുടെ മുകളിലെ ക്ഷേത്രവും ചെറിയ കുളവുമെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നു. ഇവിടെ നിന്ന് കിലോമീറ്ററുകൾ അകലേക്കുള്ള വിദൂര കാഴ്ച നയന മനോഹരമാണ്. നടന്നുകയറാൻ പ്രയാസമുള്ളവർക്ക് കുളത്തുമൺ ഗുരുമന്ദിരം റോഡുവഴി പടപ്പാറയിലെത്താം. തെക്കൻ ജില്ലയിലെ തിരുമലക്കോവിൽ എന്നറിയപ്പെടുന്ന പടപ്പാറയുടെ മുകളിലായുള്ള ബാലമുരുകക്ഷേത്രവും സഞ്ചാരികളെ ആകർഷിക്കുന്നു. നട്ടുച്ച സമയത്തുപോലും കോടമഞ്ഞ് നിറയുന്ന കാഴ്ച മനോഹരമാണ്. ചുറ്റിനും വലയംചെയ്ത് നിൽക്കുന്ന മലമടക്കുകളിലൂടെ മഞ്ഞ് ഒഴുകി മാറുന്ന സുന്ദര കാഴ്ചകൾ കാണുന്നതിനായി ഇപ്പോൾ ധാരാളം ആളുകളാണെത്തുന്നത്.

മഴയാത്ര നടത്താം

മഴയാത്രകൾ ഇഷ്ടപ്പെടുന്നവരാണ് ഇവിടെ എത്തുന്നവരിൽ ഏറെയും. യാത്രയ്ക്കായി ഒരുദിനം മാറ്റിവയ്ച്ചാൽ കലഞ്ഞൂർ ഗ്രാമപ്പഞ്ചായത്തിലെ രാക്ഷസൻപാറയും പടപ്പാറയും ഇരപ്പൻചാലും ചെളിക്കുഴി വെള്ളച്ചാട്ടവും അനുഭവിക്കാം. കുളത്തുമൺ എസ്.എൻ.ഡി.പി. ജംഗ്ഷനിൽ നിന്ന് പടപ്പാറയിലേക്ക് വാഹനത്തിൽ എത്താൻ സൗകര്യമുണ്ട്. ബാലമുരുകക്ഷേത്രത്തിന്റെ പശ്ചാത്തലത്തിൽ സൂര്യാസ്തമയം കാണാനും കഴിയും.

പകൽപോലും മഞ്ഞ് മൂടിക്കിടക്കുന്ന പടപ്പാറ ഇപ്പോൾ സഞ്ചാരികളുടെ ഇഷ്ടപ്പെട്ട സ്ഥലമാണ്. പടപ്പാറയിലെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ കഴിയണം. എസ്.അനിൽകുമാർ (പ്രദേശവാസി)

Advertisement
Advertisement