'ഡിജിറ്റൽ പാലക്കാട് ' ഉദ്ഘാടനം ഇന്ന്

Friday 10 June 2022 1:30 AM IST

പാലക്കാട്: കാനറാ ബാങ്കും സംസ്ഥാനസർക്കാരും സംയുക്തമായി കറൻസി രഹിത പണമിടപാടുകളുടെ വിപുലീകരണവും ശാക്തീകരണവും ലക്ഷ്യമിട്ട് നടത്തുന്ന 'ഡിജിറ്റൽ പാലക്കാട്'ന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, ജില്ലാ കളക്ടർ മൃൺമയി ജോഷി, റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ലീഡ് ഡിസ്ട്രിക്റ്റ് ഓഫീസർ ഇ.കെ. രഞ്ജിത് എന്നിവർ പങ്കെടുക്കും.

2022 ആഗസ്റ്റ് 15നകം സംസ്ഥാന സർക്കാരിന്റെ സേവനങ്ങൾ ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായി യോഗ്യതയുള്ള എല്ലാ സേവിംഗ്സ്, കറന്റ് അക്കൗണ്ടുകളിലും ഡിജിറ്റൽ രീതിയിലുള്ള പേയ്‌മെന്റ് സംവിധാനം പ്രവർത്തനക്ഷമമാക്കാൻ കേരളത്തിലെ ബാങ്കുകളോട് സംസ്ഥാന തല ബാങ്കേഴ്സ് സമിതിയും ഭാരതീയ റിസർവ് ബാങ്കും നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ ഇത് നടപ്പാക്കുന്നതിനുള്ള നോഡൽ ബാങ്ക് എന്ന നിലയിൽ, ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടം, ബാങ്കുകൾ, സർക്കാർ ഏജൻസികൾ, വിവിധ എൻജിഒകൾ എന്നിവയുടെ ശ്രമങ്ങളെ ഏകോപിപ്പിച്ച് ജൂലായ് 31നകം ഈ ലക്ഷ്യം കൈവരിക്കാനാണ് ലീഡ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇടപാടുകാരുടെയും പൊതുജനങ്ങളുടെയും ബാങ്കുകളുടെയും സൗകര്യത്തിലേക്കായി ജില്ലയിലെ ഓരോ വ്യക്തിയെയും സുരക്ഷിതവും വേഗത്തിലുള്ളതും താങ്ങാനാവുന്നതും സൗകര്യപ്രദവുമായ രീതിയിൽ ഡിജിറ്റലായി പേയ്‌മെന്റുകൾ സ്വീകരിക്കാനും അയക്കുവാനും പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

ഭാരതീയ റിസർവ് ബാങ്കിന്റെ 2019 ഒക്ടോബർ 04ലെ ദ്വിമാസ ധനനയത്തിന്റെ വികസന, നിയന്ത്രണ നയങ്ങളെക്കുറിച്ചുള്ള പ്രസ്താവനയിലാണ് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചത്.

Advertisement
Advertisement