22 കാരറ്റ്

Friday 10 June 2022 5:35 AM IST

പ്രതീക്ഷിച്ചപ്പോലെ റോളങ് ഗാരോസിലെ കളിമൺ കോർട്ടിൽ സ്പാനിഷ് ഇതിഹാസം റാഫേൽ നദാലിന്റെ 22 -ാം ഗ്രാൻസ്ലാം കിരീടാഭിഷേകം നടന്നു. പ്രായവും പരിക്കും വലിയ വെല്ലുവിളി ഉയർത്തുമ്പോളും കളിമൺ കോർട്ടിൽ താൻ അജയ്യനാണെന്ന് 36 വയസിലും പറയാതെ പറഞ്ഞായിരുന്നു റാഫ തന്റെ പതിന്നാലാം ഫ്രഞ്ച് ഓപ്പൺ കിരീടത്തിൽ ഇത്തവണ മുത്തമിട്ടത്. നൊവാക്ക് ജോക്കവിച്ചെന്ന മഹാമേരുവിനെ ക്വാർട്ടറിൽ വീഴ്ത്തിയ റാഫയ്ക്ക് സെമിയിൽ കനത്ത പോരാട്ടം നടത്തിയ അലക്സാണ്ടർ സ്വരേവ് പരിക്കേറ്റ് പിന്മാറിയതിനെത്തുടർന്ന് ഫൈനലിലേക്ക് വാക്കോവർ ലഭിക്കുകയായിരുന്നു. തന്റെ അക്കാഡമിയിൽ കളിപഠിച്ച ശിഷ്യനായ നോവേർക്കാരൻ കാസ്പർ റൂഡ് ഫൈനലിൽ ചിലമിന്നലാട്ടങ്ങൾ നടത്തിയെങ്കിലും റാഫയ്ക്ക് വെല്ലുവിളി ആയില്ല എന്നതാണ് സത്യം. നേരിട്ടുള്ള സെറ്രുകളിൽ 6-3,6-3,6-0 എന്ന സ്കോറിന് കാസ്പർ റൂഡിനെ കീഴടക്കിയ 36 കാരനായ നദാൽ ഏറ്റവും പ്രായമേറിയ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ എന്ന ബഹുമതിക്കും അർഹനായി. സീസണിലെ ആദ്യ ഗ്രാൻസ്ലാമായ ആസ്ട്രേലിയൻ ഓപ്പൺ ഡാനിൽ മെദ്‌വദേവിനെ കീഴടക്കി സ്വന്തമാക്കിയ ശേഷം റാഫ പറഞ്ഞ് 21 -ം ഗ്ലാൻസ്ലാം കിരീടത്തിൽ അവസാനിക്കുന്നില്ല കഥ തുടരും എന്നായിരുന്നു. അ

ന്ന് നെറ്റിചുളിച്ചവർക്കുള്ള മറുപടി കൂടിയാണ് തന്റെ പ്രിയ കളിമൺ കോർട്ടിൽ വീണ്ടും ഉയർത്തിയ ഈ ഫ്രഞ്ച് കിരീടം. ഫ്രഞ്ച് ഓപ്പണിൽ കളിച്ച 14 ഫൈനലുകളിലും ജയിച്ചു എന്ന അപൂർസ സുന്ദരമായ നേട്ടവും റാഫയ്ക്ക് സ്വന്തം.

കലണ്ടർ സ്ലാം ഗ്രാൻസ്ലാം

സീസൺ പകുതി പിന്നിടുമ്പോൾ കഴിഞ്ഞ രണ്ട് ഗ്രാൻസ്ലാമും സ്വന്തമാക്കി കഴിഞ്ഞു റാഫ. കരിയറിൽ ആദ്യമായാണ് ആസ്ട്രേലിയൻ, ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ ഒരു സീസണിൽ റാഫ നേടുന്നത്. ഇനിയുള്ള വിംബിൾഡൺ, യു.എസ്. ഓപ്പൺ കിരീടങ്ങൾ നേടി റാഫ കലണ്ടർ സ്ലാം തികയ്ക്കുമോയെന്നാണ് ടെന്നിസ് ലോകം ഉറ്രുനോക്കുന്നത്. എന്നാൽ പരിക്ക് വലിയ പ്രതിസന്ധിയാണെന്നും വിശ്രമം വേണമെന്നാണ് ഡോക്ടർ പറഞ്ഞതെന്നും ഫ്രഞ്ച് ഓപ്പൺ ജയത്തിന് ശേഷം നദാൽ പറഞ്ഞു.

Advertisement
Advertisement