സ്വർണകള്ളക്കടത്ത് കേസ്: കോൺഗ്രസ് മാർച്ചിൽ സംഘർഷം, ജലപീരങ്കി

Saturday 11 June 2022 12:09 AM IST
മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ ,പൊതുഗതാഗതം തടസപ്പെടുത്താനയി ബാരിക്കേഡുകൾ വലിച്ചിഴച്ചു കൊണ്ടുപോകുന്ന പ്രവർത്തകർ.

കോഴിക്കോട്: സ്വർണ കള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എരഞ്ഞിപ്പാലത്ത് നിന്നും പ്രകടനവുമായി കളക്ടറേറ്റിന് മുന്നിലേക്ക് പ്രവേശിച്ച കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കും നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

പൊലീസ് ബാരിക്കേഡുകളുമായി പ്രവർത്തകരുടെ നേതൃത്വത്തിൽ ദേശീയ പാത ഉപരോധിച്ചു. എ.പി. അനിൽകുമാർ എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്കെതിരെ ജ്യുഡീഷ്യൽ തലത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വപ്നയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറയുന്നത്. കേസന്വേഷിക്കാതെ ആരോപണമെങ്ങനെ അടിസ്ഥാനരഹിതമാകുമെന്നും അദ്ദേഹം ചോദിച്ചു.

സോളാർ കേസിൽ ആയിരം കോടിയുടെ അഴിമതി പറഞ്ഞ് സി.പി.എം നടത്തിയ പ്രഹസനം കേരളം കണ്ടതാണ്. എന്നാൽ പിണറായി സർക്കാർ അധികാരത്തിലേറിയതിന് ശേഷം സോളാർ കേസുമായി ബന്ധപ്പെട്ട് ഒരു രൂപയുടെ നഷ്ടമെങ്കിലും തെളിയിക്കാൻ സാധിച്ചോ? മുഖ്യമന്ത്രിക്കെതിരെ തെളിവുകളുമായി ചിലർ പരാതികൾ ഉന്നയിക്കുമ്പോൾ അവരുടെ വായടിപ്പിക്കാൻ അധികാരം വിനിയോഗിക്കുകയാണിപ്പോൾ. ആരോപണം ഉന്നയിച്ചവർക്കെതിരെയുള്ള അന്വേഷണം മുഖ്യമന്ത്രിയുടെ ഭയപ്പാടിന്റെ ലക്ഷണമാണ്. പിണറായി വിജയനെ പോലെ ഭീരുവായ മുഖ്യമന്ത്രി വേറെയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ .പി.എം.നിയാസ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് കെ.എം.അഭിജിത്ത് ,മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി. അബു, മുൻ കെ.പി.സി.സി ഭാരവാഹി സത്യൻ കടിയങ്ങാട്, ഐ. മൂസ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisement
Advertisement