എന്താണ് സ്മാം ? കർഷകന് മുന്നിൽ കണ്ണടച്ച് അധികൃതർ, ആനുകൂല്യങ്ങൾ നൽകുന്നില്ല

Saturday 11 June 2022 12:04 AM IST

പത്തനംതിട്ട : കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കർഷക സഹായ പദ്ധതിയായ സ്മാം ആനുകൂല്യങ്ങൾ (സബ്മിഷൻ ഒഫ് അഗ്രികൾച്ചറൽ മെക്കനൈസേഷൻ) ലഭിക്കാതെ കർഷകർ. പദ്ധതി അറിയിക്കാതെയും അറിഞ്ഞ് എത്തുന്നവർക്ക് ആനുകൂല്യങ്ങൾ നൽകാതെയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരാണ് സ്മാം ആനുകൂല്യങ്ങൾ കർഷകന് ലഭിക്കുന്നതിന് തടസവാദം ഉന്നയിക്കുന്നത്. ആവശ്യമായ കാർഷിക യന്ത്രങ്ങൾ സബ് സിഡി നിരക്കിൽ വാങ്ങുവാനുള്ള പദ്ധതിയാണിത്. കൃഷിഭവൻ വഴിയാണ് പദ്ധതി കർഷകരിലേക്ക് എത്തേണ്ടത്. എന്നാൽ കൃഷി ഭവനുകളിൽ ഭൂരിഭാഗവും ഇങ്ങനൊരു പദ്ധതിയെക്കുറിച്ച് മിണ്ടാറില്ല. പദ്ധതിയെക്കുറിച്ച് അന്വേഷിക്കുന്നവരോട് ഇങ്ങനെയൊന്ന് ഇല്ലെന്നാണ് പറയുന്നത്. കൊയ്ത്തുമെതിയന്ത്രം, ട്രാക്ടറും അനുബന്ധ ഉപകരണങ്ങളും, പവർട്രില്ലർ, മെഷീൻ വാൾ, ഏണി, വീൽ ബാരോ, ഇറിഗേഷൻ പമ്പ്, റബർ ടാപ്പിംഗ് മെഷീൻ എന്നിവയെല്ലാം 40 മുതൽ 50% വരെയും നെല്ലുകുത്തി യന്ത്രം, ചക്ക്, ഡ്രൈയർ, റോസ്റ്റർ, പൾവറൈസർ എന്നിവ അമ്പത് മുതൽ 69 ശതമാനം വരെ സബ്സിഡിയിലും ഈ പദ്ധതി പ്രകാരം ലഭിക്കും.

ഫാം മെഷിനറി ബാങ്കുകൾ

ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് സഹകരണ സംഘങ്ങൾ, സ്വയം സഹായ സംഘങ്ങൾ, കാർഷിക ഉൽപാദക സംഘങ്ങൾ എന്നിവയ്ക്ക് ഓരോ വില്ലേജുകൾക്കും 10 ലക്ഷം രൂപ പദ്ധതിയിലൂടെ ലഭിക്കും. ഫാം മെഷിനറി ബാങ്കുകൾക്ക് പരമാവധി 8 ലക്ഷം രൂപ വരെ അനുവദിക്കും.

ഓൺലൈൻ രജിസ്‌ട്രേഷൻ ചെയ്യണം

ഓൺലൈൻ പോർട്ടലായ https://agrimachinery.nic.in സന്ദർശിച്ച് രജിസ്റ്റർ ചെയ്യണം. കരംഅടച്ച രസീത്, പാട്ടക്കരാർ, ആധാർകാർഡ്, പാസ്‌ പോർട്ട് സൈസ് ഫോട്ടോ ബാങ്ക് പാസ് ബുക്കിന്റെ ആദ്യപേജ്, ജാതി സർട്ടിഫിക്കേറ്റ് (എസ്.സി, എസ്.ടി), പാൻകാർഡ് (ഗ്രൂപ്പുകൾക്ക് ) എന്നിവയാണ് രജിസ്‌ട്രേഷന് ആവശ്യമായ രേഖകൾ.

കാർഷിക യന്ത്രങ്ങൾ, ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിന് 40% മുതൽ 60% വരെ സബ്സിഡി ലഭിക്കും.

കാർഷിക യന്ത്രങ്ങളുടെ കസ്റ്റം ഹയറിംഗ് സെന്ററുകൾക്ക്

40% സബ്‌സിഡി നിരക്കിൽ 24 ലക്ഷം രൂപവരെ സാമ്പത്തിക സഹായം.

മൂന്നായി തരം തിരിച്ചാണ് സബ്‌സിഡി

രണ്ടര ഏക്കറിന് താഴെ ഭൂമിയിൽ കൃഷി ചെയ്യുന്നവർ

രണ്ടര ഏക്കറിനും അഞ്ച് ഏക്കറിനും ഇടയിൽ ഉള്ളവർ

അഞ്ച് ഏക്കറിനു മുകളിൽ കൃഷി ചെയ്യുന്നവർ

"ഉതിമൂട് കൃഷി ഭവനിൽ അപേക്ഷ സമർപ്പിച്ചെങ്കിലും പദ്ധതിയില്ലെന്നാണ് ആദ്യം പറഞ്ഞത്. ശേഷം പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും കളക്ടർക്കും കൃഷി ഡയറക്ടർക്കും മന്ത്രിയ്ക്കും പരാതി നൽകി. ശേഷമാണ് പദ്ധതി അപേക്ഷിക്കാൻ സാധിച്ചത്. നിലവിൽ അപേക്ഷ സ്വീകരിച്ച് നടപടിയായി. "

കെ.കെ സോമൻ

കർഷകൻ , റാന്നി

" കൃഷി ഭവനുകൾക്ക് കേന്ദ്ര സംസ്ഥാന പദ്ധതികളെക്കുറിച്ച് അറിവുണ്ടാകേണ്ടതാണ്. ഈ പദ്ധതി മുമ്പ് ഓഫ് ലൈൻ ആയിരുന്നു. ഇപ്പോൾ ഓൺലൈൻ ആയി. അതുമായി ബന്ധപ്പെട്ടുള്ള ചില പ്രശ്നങ്ങളൊഴിച്ചാൽ പദ്ധതിയ്ക്ക് തടസം ഇല്ല. കർഷകരിൽ പലർക്കും പദ്ധതിയെക്കുറിച്ച് വലിയ അവബോധം ഇല്ല.

കൃഷി ഓഫീസ് അധികൃതർ

Advertisement
Advertisement