സസ്പെൻഷൻ പിൻവലിക്കൽ വൈകുന്നു: ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്

Saturday 11 June 2022 12:11 AM IST
dr

കോഴിക്കോട്: മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടിനെതിരായ ശിക്ഷാ നടപടി പിൻവലിക്കുന്നതിൽ തീരുമാനം വൈകുന്നതിൽ പ്രതിഷേധിച്ച് സർക്കാർ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്. മന്ത്രിയുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് കെ.ജി.എം.ഒ.എ അടിയന്തര ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധം പുനരാരംഭിക്കാൻ തീരുമാനിച്ചത്. ജൂൺ 14 ന്കോഴിക്കോട് ജില്ലയിലെ എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാർ കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. അന്നേ ദിവസം അത്യാഹിത വിഭാഗവും ലേബർ റൂമും അടിയന്തര ശസ്ത്രക്രിയകളുമൊഴികെയുള്ള സേവനങ്ങളിൽ നിന്ന് ഡോക്ടർമാർ വിട്ടുനിൽക്കും. അംഗങ്ങൾ വഹിക്കുന്ന അധിക ചുമതലകളിൽ നിന്ന് ഒഴിവാകും. അനുകൂല തീരുമാനം വൈകുന്ന പക്ഷം സംസ്ഥാന തലത്തിലേക്കും സമരം വ്യാപിപ്പിക്കണമെന്ന നിർദ്ദേശം സംസ്ഥാന സമിതി മുമ്പാകെ വെയ്ക്കും.

മാനസികാരോഗ്യ കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും മാനവ വിഭവശേഷിയുടെ കുറവുമാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങൾക്ക് കാരണമെന്ന് കണ്ടെത്തിയിട്ടും സസ്‌പെൻഷൻ പിൻവലിക്കാത്ത നടപടിയിൽ കെ.ജി.എം.ഒ.എ അടിയന്തര ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു.

Advertisement
Advertisement