കായിക രംഗത്തെ അതികായൻ

Saturday 11 June 2022 1:50 AM IST

ഇന്നലെ അന്തരിച്ച സായ് മുൻ എക്സിക്യൂട്ടീവ് ഡയറക്ടറും കേരള യൂണിവേഴ്സിറ്റി മുൻ ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുമായ പത്രോസ് പി മത്തായി‌യെ മുൻ കേരള യൂണിവേഴ്സിറ്റി ഫുട്ബോൾ പരിശീലകനും എം.ജി യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവിയുമായിരുന്ന ടി.കെ ഇബ്രാഹിം കുട്ടി അനുസ്മരിക്കുന്നു.

ഇന്ത്യൻ കായിക വേദിയിലെ അതികായനും കായിക സാങ്കേതിക മേഖലയിലെ അതിപ്രഗത്ഭനുമായി വിരാജിച്ച ആളാണ് ഇന്നലെ നമ്മോടു വിടപറഞ്ഞ പ്രൊഫ. പത്രോസ് പി. മത്തായി. കായികാദ്ധ്യാപകനായും ഭരണ കർത്താവായും ഏറെ ശോഭിച്ച വ്യക്തിത്വം. ഉറച്ച നിലപാടുകളും പ്രവർത്തികളിലെ സത്യസന്ധതയുമായിരുന്നു മുഖമുദ്ര‌. തന്റെ 87 വയസ് നീണ്ട ജീവിതത്തിൽ ഒരിക്കൽ പോലും അഴിമതിയുടെ കറ പുരളാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു.

ഗ്വാളിയർ ലക്ഷ്മിഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യുക്കേഷനിൽ അദ്ധ്യാപകനായും പരിശീലകനായും അദ്ദേഹം അനേകം വിദ്യാർത്ഥികളെ കൈപിടിച്ചുയർത്തി. പതിനായിരക്കണക്കുള്ള സാറിന്റെ ശിഷ്യർ ഇന്ന് ദേശീയ തലത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ജർമ്മനിയിൽ നിന്ന് വോളിബാൾ പരിശീലനത്തിൽ ഉന്നതബിരുദം കരസ്ഥമാക്കി. വോളിയിൽ അദ്ദേഹത്തിന്റേത് അവസാന വാക്കായിരുന്നു. എഴുപതുകളുടെ മധ്യപാദത്തിൽ കാർഷിക സർവകലാശാലയിൽ കായികവകുപ്പ് മേധാവിയും സ്റ്റുഡന്റ് ഡീനും ആയി ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു. 1979 മുതൽ കേരള യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവിയായി.

കേരള സർവ്വകലാശാലയുടെ സുവർണ കാലഘട്ടമായിരുന്നു മത്തായി സാറിന്റെ ഭരണകാലം. "സ്പോർട്സ് എല്ലാവർക്കും" എന്ന വലിയ തത്വം പ്രാവർത്തികമാക്കിയ അദ്ദേഹം ഒട്ടുമിക്ക കളികളിലും വിജയകിരീടം കേരള യൂണിവേഴ്സിറ്റിയിൽ എത്തിച്ചു. ആദ്യകാലങ്ങളിൽ ഫുട്ബാളിൽ വലിയ നേട്ടങ്ങൾ ഇല്ലാതിരുന്ന കേരളയിലേക്ക് 1981 ൽ അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബാൾ കിരിടമായ "അശുതോഷ് മുഖർജി" ഷീൽഡ് എത്തിക്കാൻ അന്നത്തെ പരിശീലകനായ എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകിയത് മത്തായി സാറായിരുന്നു . പിന്നീട് ഫുട്ബാൾ വിജയങ്ങൾ ഒരു തുടർക്കഥയായി. പേരിനുവേണ്ടി നടത്തിയിരുന്ന യൂണിവേഴ്സിറ്റി സ്പോർട്സ് ക്യാമ്പുകൾ ദീർഘകാലാടിസ്ഥാനത്തിലാക്കിയതും അതിന് വേണ്ട ബഡ്ജറ്റ് സ്വരൂപിച്ചതും മാറ്റങ്ങളുടെ വേലിയേറ്റമാണ് സൃഷ്ടിച്ചത്. ഇന്ത്യൻ കായിക ഭൂപടത്തിലേക്ക് കേരള സർവകലാശാലയുടെ വലിയ ഒരു കുതിച്ചുചാട്ടമാണ് പിന്നീട് കണ്ടത്.

1982-ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിന്റെ ടെക്‌നിക്കൽ കമ്മിറ്റി ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. 1987ൽ കേരളത്തിൽ നടന്ന ആദ്യ ദേശീയ ഗെയിംസിന്റെ ടെക്‌നിക്കൽ കമ്മിറ്റി സെക്രട്ടറിയായി തിരഞ്ഞെടുത്തതും അദ്ദേഹത്തെ ആയിരുന്നു. ഈ സമയത്താണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ സിന്തറ്റിക്ക് ട്രാക്ക് പണിയുന്നത്. ഇതുവഴി ഇന്ത്യയിലാദ്യമായി സിന്തറ്റിക്ക് ട്രാക്ക് പണിത സർവകലാശാല എന്ന നേട്ടവും സ്വന്തമാക്കി.

കായിക രംഗത്ത മുടിചൂടാമന്നനായിരുന്നു മത്തായി സർ . ഏഷ്യൻ ഗെയിംസ് ടെക്നിക്കൽ ചുമതല, സ്പോർട്ട്സ് അതോറിട്ടി ഓഫ് ഇൻഡ്യയുടെ ഡയറക്ടർ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസിന്റെ വിവിധ ചുമതലകൾ എല്ലാം തന്നെ അദ്ദേഹം വിശ്വസ്തതയോടെ നിർവഹിച്ചു.കേരള സർവകലാശാലയിലെ സേവനത്തിനിടെ സായിയിലേക്ക് ഡെപ്യൂട്ടേഷനിൽ പോയ അദ്ദേഹം1988 മുതൽ 1991 വരെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും 1990-91 കാലഘട്ടത്തിൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1987-ലെ ദേശീയ ഗെയിംസിന്റെ പദ്ധതി റിപ്പോർട്ട് തയ്യാറാക്കിയ കായിക സമിതിയുടെ കൺവീനറായിരുന്നു. 2015ലെ കേരള നാഷണൽ ഗെയിംസിന്റെ ടെക്നിക്കൽ മേധാവിയായിരുന്നെങ്കിലും ബാഹ്യഇടപെടലുകളും സമ്മർദ്ദങ്ങളും കാരണം തൽസ്ഥാനം ഉപേക്ഷിച്ചത് അദ്ദേഹത്തിന്റെ നിലപാടുകളിലുളുള്ള ഉറപ്പിന്റേയും സത്യസന്ധതയുടേയും ഉദാഹരണമാണ്.

കർത്തവ്യബോധം ഉറപ്പാക്കുന്നതോടൊപ്പം സഹപ്രവർത്തകരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടെത്തുന്നതിനും എപ്പോഴും കൂടെ ഉണ്ടായിരുന്നു. വിശ്രമ ജീവിതത്തിലും കർമനിരതനായിരുന്നു. കൃത്യമായ വ്യായാമശീലത്തിലൂടെ ശാരിരിക ക്ഷമത നിലനിർത്തി. കായിക രംഗത്തിന് സാറിന്റെ വിയോഗം ഒരു തീരാ നഷ്ടമാണ്. ആദർശധീരനായ കർമ്മയോഗിക്ക് ഒരായിരം അശ്രുപുഷ്പങ്ങളുടെ ബാഷ്പാഞ്ജലി.

Advertisement
Advertisement