യുവേഫ നേഷൻസ് ലീഗ് : ചെക്ക് മടക്കി പറങ്കിപ്പട

Saturday 11 June 2022 1:57 AM IST

പോർച്ചുഗൽ 2-0ത്തിന് ചെക്ക് റിപ്പബ്ലിക്കിനെ തോൽപ്പിച്ചു ലിസ്ബൺ: യുവേഫ നേഷൻസ് ലീഗ് ഫുട്ബാളിൽ കഴിഞ്ഞരാത്രി നടന്ന മത്സരങ്ങളിൽ കരുത്തരായ പോർച്ചുഗലിനും സ്‌പെയ്‌നിനും വിജയം. പോർച്ചുഗൽ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് ചെക്ക് റിപ്പബ്ലിക്കിനെ കീഴടക്കിയപ്പോൾ സ്‌പെയ്ൻ ഏകപക്ഷീയമായ ഒരു ഗോളിന് സ്വിറ്റ്‌സർലാൻഡിനെയാണ് തോൽപ്പിച്ചത്.

ചെക്ക് റിപ്പബ്ലിക്കിനെതിരെ പോർച്ചുഗലിനായി യാവോ ക്യാൻസലോയും ഗോൺസാലോ ഗ്യൂഡസുമാണ് ലക്ഷ്യം കണ്ടത്. ആദ്യപകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 33-ാം മിനിട്ടിൽ മാഞ്ചസ്റ്റർ സിറ്റി താരം ക്യാൻസലോയിലൂടെ മുന്നിലെത്തിയ പോർച്ചുഗൽ 38-ാം മിനിട്ടിൽ ഗ്യൂഡസിലൂടെ രണ്ടാം ഗോളും കണ്ടെത്തി.

ഈ വിജയത്തോടെ ലീഗ് എ യിലെ ഗ്രൂപ്പ് രണ്ടിൽ പോർച്ചുഗൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് വിജയവും ഒരു സമനിലയുമാണ് പോർച്ചുഗലിനുള്ളത്. ചെക്ക് റിപ്പബ്ലിക്ക് മൂന്നാം സ്ഥാനത്താണ്.

സ്വിറ്റ്‌സർലാൻഡിനെതിരെ. 13-ാം മിനിട്ടിൽ പാബ്ലോ സരാബിയ നേടിയ ഗോളിനാണ് സ്‌പെയ്ൻ വിജയം കണ്ടത്. നേഷൻസ് ലീഗിലെ ഈ സീസണിലെ സ്‌പെയ്‌നിന്റെ ആദ്യ വിജയമാണിത്. ആദ്യ രണ്ട് മത്സരങ്ങളിലും ടീം സമനില വഴങ്ങിയിരുന്നു.

ഈ വിജയത്തോടെ സ്‌പെയ്ൻ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയർന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്റാണ് ടീമിനുള്ളത്. ഇതുവരെ കളിച്ച മൂന്നുകളികളിൽ തോറ്റ സ്വിറ്റ്‌സർലാൻഡ് അവസാന സ്ഥാനത്താണ്. മറ്റ് മത്സരങ്ങളിൽ ഗ്രീസ് 3-0ത്തിന് സൈപ്രസിനെയും സെർബിയ 1-0ത്തിന് സ്വീഡനെയും തോൽപ്പിച്ചു.

Advertisement
Advertisement