കനിവുള്ളവരുടെ ലോകത്ത് പ്രതീക്ഷയോടെ മുഹമ്മദും അഫ്രയും

Saturday 11 June 2022 2:34 AM IST

പഴയങ്ങാടി(കണ്ണൂർ): മനുഷ്യത്വം മരിച്ചിട്ടില്ലെന്നും ലോകത്താകെയും ഉള്ളത് കനിവുള്ള മനുഷ്യരാണെന്നും തെളിയിച്ചതാണ് രണ്ടരവയസുകാരൻ മുഹമ്മദിന്റെ ചികിത്സയ്ക്കായി 48 കോടി രൂപ സമാഹരിക്കപ്പെട്ട സംഭവം. സമാഹരിച്ച തുകയിൽ 18 കോടിയോളം ചിലവഴിച്ച് അമേരിക്കയിൽ നിന്നും എത്തിച്ച സോൾജൻസെമ മരുന്ന് ഉപയോഗിച്ചുള്ള ചികിത്സയിൽ മാട്ടൂലിലെ രണ്ടരവയസുകാരൻ മുഹമ്മദിനും സഹോദരി അഫ്രയ്ക്കും പുരോഗതി കണ്ടുതുടങ്ങി. അസ്ഥികൾക്ക് ബലക്ഷയമടക്കം വന്ന് ശയ്യാവലംബിയാകുന്ന സ്പൈനൽ മസ്ക്കുലർ അട്രോഫി (എസ്.എം.എ) എന്ന മാരക ജനിതക രോഗമാണ് ഈ കുഞ്ഞുങ്ങൾക്ക്.

കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ ന്യൂറോ പീഡിയാട്രീഷൻ ഡോ.സ്മിലു മോഹൻലാലിന് കീഴിലാണ് ചികിത്സ. ഫിസിയോതൊറാപ്പിയും വൈറ്റാമിൻ ഡി ഗുളികയും മുഹമ്മദിന് നൽകുന്നുണ്ട്. മുഹമ്മദ് ഇപ്പോൾ പിടിച്ച് നടക്കും.വീടിനുള്ളിൽ കൊച്ചു സൈക്കിളിൽ ചുറ്റിക്കറങ്ങും. ഫിസിയോതൊറാപ്പിയും റിസ്ഡിപ്ലാം മരുന്നുമാണ് അഫ്രയ്ക്ക് നൽകുന്നത്. ഡോക്ടർമാർ നിർദ്ദേശിച്ച പ്രകാരുള്ള രണ്ട് കുത്തിവയ്പ്പുകളിൽ ഒന്നു നൽകി.അടുത്തത് അടുത്ത മാസമാണ്.

തളിപ്പറമ്പ് സി.എച്ച്.സെന്ററിന് കീഴിലുള്ള സി.എച്ച്.മുഹമ്മദ് കോയ മെമ്മോറിയൽ മൾട്ടി സ്പെഷ്യാലിറ്റി റിഹാബിലിറ്റേഷൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഫിസിയോതൊറാപ്പി നടത്തിയിരുന്നത്. ഇപ്പോൾ വീട്ടിലാണ് ചികിത്സ.അഫ്രയ്ക്ക് ജില്ലാ പഞ്ചായത്തിന്റെ വക വീൽചെയർ മന്ത്രി ആർ. ബിന്ദു കൈമാറിയിരുന്നു.

പ്രവാസിയായ റഫീഖിന്റെയും മറിയുമ്മയുടെയും മൂന്നുമക്കളിൽ ഇളയവനാണ് മുഹമ്മദ്. ചികിത്സാസഹായകമ്മിറ്റിയുടെ പേരിൽ എത്തിയ 48 കോടി രൂപയിൽ മുഹമ്മദിന്റെയും അഫ്രയുടെയും ചികിത്സയ്ക്കുള്ള തുക കഴിച്ച് ബാക്കി സമാന രോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി കമ്മിറ്റി നീക്കിയിരുന്നു.

മുഹമ്മദും അഫ്രയും വലിയ സന്തോഷത്തിലാണ്. ജനങ്ങൾ നൽകിയ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും എന്നും നന്ദി ഉണ്ടാവും - റഫീക്ക് (മുഹമ്മദിന്റെ പിതാവ്)​

Advertisement
Advertisement