അയഞ്ഞ് മദ്യക്കമ്പനികൾ: സപ്ലൈ വീണ്ടും ,വിദേശ മദ്യ ക്ഷാമം തീരും

Saturday 11 June 2022 2:49 AM IST

തിരുവനന്തപുരം:ജനപ്രിയ ബ്രാൻഡുകൾ ഉൾപ്പെടെയുള്ള ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന്റെ സപ്ളൈ പുനരാരംഭിച്ച് നിർമ്മാതാക്കൾ. ബെവ്കോയിൽ നിന്ന് ആറു ലക്ഷം കെയ്സ് മദ്യം സപ്ളൈ ചെയ്യാനുള്ള പെർമിറ്റ് ജൂൺ ഏഴിന് കമ്പനികൾ വാങ്ങി. വിലകൂട്ടണമെന്നതടക്കമുള്ള ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് സപ്ളൈ നിറുത്തിയത്. പത്ത് ശതമാനം വില വർദ്ധന ബെവ്കോയും ശുപാർശ ചെയ്തിരുന്നു. സപ്ളൈ നിറുത്തിവച്ചുള്ള കടും പിടുത്തത്തിന് വഴങ്ങേണ്ടെന്ന നിലപാട് സർക്കാർ സ്വീകരിച്ചതോടെയാണ് കമ്പനികൾ അയഞ്ഞത്.

വ്യാവസായിക ആവശ്യങ്ങൾക്ക് കൂടുതലായി വേണ്ടിവരുന്നത് കാരണം സ്പിരിറ്റിന്റെ വില കുത്തനെ ഉയർന്നതിനാൽ ഉത്പാദന ചെലവ് ഗണ്യമായി കൂടിയെന്നാണ് നിർമ്മാതാക്കളുടെ വാദം. പഞ്ചാബ്, ഹരിയാന, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും സ്പിരിറ്റ് എത്തുന്നത്

 നിർമ്മാതാക്കളുടെ ആവശ്യങ്ങൾ

 ബെവ്കോയ്ക്ക് നൽകുന്ന വില കൂട്ടണം. നാല് വർഷം മുമ്പാണ് വില പുതുക്കിയത്

 എക്സൈസ് ഡ്യൂട്ടി കമ്പനികൾ അടയ്ക്കണമെന്ന നിബന്ധന പിൻവലിക്കണം ബെവ്കോയിൽ എത്തിക്കുന്ന ഓരോ കെയ്സിന്റെയും വിലയുടെ (ലാൻഡിംഗ് പ്രൈസ്) 23.75 ശതമാനമാണ് ഡ്യൂട്ടി. മദ്യം എത്തിക്കുമ്പോൾ കമ്പനികൾ തന്നെ ഇത് ഒടുക്കണമെന്നാണ് പുതിയ വ്യവസ്ഥ.

 മദ്യക്കുപ്പികളിൽ ഹോളോഗ്രാമിന് പകരം ക്യൂ.ആർ കോഡ് വേണമെന്ന ബെവ്കോ നിർദ്ദേശം പാലിക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും സർക്കാർ നിർമ്മിക്കുന്ന ജവാൻ മദ്യത്തിൽ ആദ്യം ഇത് പരീക്ഷിക്കട്ടെയെന്നുമാണ് കമ്പനികളുടെ നിലപാട്.

സ്പിരിറ്റ് വില

 42 മുതൽ 48 വരെ

ആറുമാസം മുമ്പുവരെ ഒരു ലിറ്റർ ഇ.എൻ.എ (സ്പിരിറ്റ്)യുടെ വില

 70 മുതൽ 74 വരെ

ഒരു ലിറ്റർ സ്പിരിറ്റിന്റെ ഇപ്പോഴത്തെ വില

സ്പിരിറ്റ് വില കൂടിയതിനാൽ മദ്യവിലയും കൂട്ടേണ്ടിവരും. മദ്യ കമ്പനികളുമായി ചർച്ച തീരുമാനിച്ചിട്ടില്ല. ആദ്യം ആവശ്യത്തിന് മദ്യം എത്തട്ടെ

- എം.വി.ഗോവിന്ദൻ, എക്സൈസ് വകുപ്പ് മന്ത്രി

Advertisement
Advertisement