ദേവക്കൊരു കുഞ്ഞു വണ്ടർ കിഡ്

Sunday 12 June 2022 1:24 AM IST

പെരുമ്പാവൂർ: കുഞ്ഞു പ്രായത്തിൽ കുതിരപ്പുറത്തേറി സ്കൂളിൽ പോവുന്ന ദേവക്കിനെ തേടിയെത്തിയത് വണ്ടർ കിഡ് അവാർഡ്. ഏറ്റവും പ്രായം കുറഞ്ഞ ഹോഴ്‌സ് റൈഡർക്കുള്ള വേൾഡ് യൂണിവേഴ്‌സൽ ബുക്‌സ് ഒഫ് റെക്കാഡിന്റേതാണ് അവാർഡ്. മലയാറ്റൂർ ടോളിൻസ് വേൾഡ് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവക് നീലീശ്വരം പറക്കാട്ട് കുടുംബാംഗമാണ്.

സ്‌കൂളിൽ നടന്ന ചടങ്ങിൽ ബെന്നി ബഹ്നാൻ എം.പിയും വേൾഡ് റെക്കാഡ് ഹോൾഡറും ജൂറി അംഗവുമായ സുനിൽ ജോസഫും ചേർന്നാണ് ദേവക്കിന് അവാർഡ് സമ്മാനിച്ചത്. സ്‌കൂൾ ചെയർമാൻ ഡോ. ടോളിൻസ്, പറക്കാട്ട് റിസോർട്ട് ഉടമ പ്രകാശ്, ഭാര്യയും പറക്കാട്ട് ജൂവലറി ഉടമയുമായ പ്രീതി പ്രകാശ് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വീട്ടിൽ നിന്ന് സ്കൂളിലേക്ക് മൂന്നുകിലോമീറ്റർ ദൂരത്തിൽ ഝാൻസി റാണിയെന്ന് പേരിട്ടിരിക്കുന്ന കുതിരപ്പുറത്താണ് ദേവക്കെത്തുന്നത്. 'കത്തിയവാരി ഇനത്തിൽപ്പെട്ട റാണിയെ പിതാവ് ബിനു ബംഗളൂരുവിൽനിന്നാണ് വാങ്ങിയത്. കോളി വർഗത്തിൽപ്പെട്ട ചെറിയ കുതിരപ്പുറത്തേറിയാണ് കുട്ടികൾ സാധാരണയായി സവാരി ചെയ്യാറുള്ളത്. നേരത്തെ പറക്കാട്ട് കുടുംബത്തിൽ കർണനെന്ന് പേരിട്ടിരുന്ന കുതിര ഉണ്ടായിരുന്നു. അഞ്ചുവയസ് പ്രായമുള്ളപ്പോൾ ദേവക്കിനെ കർണന്റെ പുറത്ത് കൗതുകത്തിന് കയറ്റി. ദേവക് പേടിയില്ലാതെ ഇരിക്കുകയും ആസ്വദിക്കുകയും ചെയ്തതോടെ പിന്നെ സ്ഥിരമായി അതിന്റെ പുറത്തുകയറിയായിരുന്നു സവാരി. കർണനെ പറക്കാട്ടിന്റെ മൂന്നാറിലെ റിസോർട്ടിലേക്ക് കൊണ്ടുപോയപ്പോഴാണ് റാണിയെ ബംഗളൂരുവിൽനിന്ന് വാങ്ങിയത്. ടോളിൻസ് സ്‌കൂളിൽ കുതിരകളും പരിശീലകനുമുണ്ട്. ഈ പരിശീലകനാണ് ദേവക്കിനെ വീട്ടിലെത്തി പരിശീലിപ്പിച്ചിരുന്നത്.

Advertisement
Advertisement