ആദ്യഡോസ് വാക്സിൻ: 79.36 ശതമാനം

Saturday 11 June 2022 9:23 PM IST

പത്തനംതിട്ട : ‌കൊവി‌ഡ് വാക്സിനേഷനായുള്ള സ്പെഷൽ ‌ഡ്രൈവ് പതിനൊന്ന് ദിവസം പിന്നിട്ടപ്പോൾ ആദ്യ ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം 79.36 ശതമാനമായി. എന്നാൽ സെക്കൻഡ് ഡോസ് എടുത്ത കുട്ടികളുടെ എണ്ണം 45.64 ശതമാനം മാത്രമേയുള്ളു. ഈ മാസം ഒന്ന് മുതലാണ് കുട്ടികൾക്കായുള്ള സ്പെഷൽ കൊവിഡ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. ഇത് 15ന് അവസാനിക്കും. ജില്ലയിൽ നിലവിൽ 250 ൽ അധികം പേർക്ക് ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്നുണ്ട്. ഇതിലേറെപ്പേർ പരിശോധന നടത്താതെ മരുന്ന് കഴിക്കുന്നവരുമുണ്ട്. മരണം റിപ്പോർട്ട് ചെയ്യപ്പെടാത്തതിനാൽ ആശങ്കയുടെ ആവശ്യമില്ലെന്നാണ് അധികൃതർ പറയുന്നത്.

ഈ മാസം തന്നെ എല്ലാ കുട്ടികൾക്കും ആദ്യ ഡോസ് വാക്സിൻ എടുക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. വാക്സിനെടുക്കാത്ത കുട്ടികളെ കണ്ടെത്തി സമീപത്തുള്ള കേന്ദ്രത്തിലെത്തിച്ചാണ് വാക്സിൻ നൽകുന്നത്. ഇരുപത് കിറ്റ് അടങ്ങിയതാണ് ഒരു ബോക്സ്. ഇരുപത് പേർ ഉണ്ടെങ്കിൽ മാത്രമേ ബോക്സ് തുറക്കു. ഇരുപത് കുട്ടികളില്ലെങ്കിൽ ആ ബോക്സ് തുറക്കുന്നത് സാമ്പത്തിക നഷ്ടം ഉണ്ടാക്കും. ഒരെണ്ണത്തിന് 1000 രൂപയാണ് വില.

കൊവിഡ് കണക്കില്ല

സംസ്ഥാനതലത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ജില്ലാ തലത്തിൽ കൊവിഡ് കണക്ക് റിപ്പോർട്ട് ചെയ്യുന്നില്ല. 35 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് നിലവിൽ ഇരുന്നൂറിലധികം കേസുകൾ ദിനവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് ജില്ലാ തലത്തിൽ പുറത്തുവിടാറില്ല.

Advertisement
Advertisement