വാർഷിക വിലക്കയറ്റ നിരക്ക് 40 വർഷത്തെ ഉയരത്തിൽ നാണയപ്പെരുപ്പ ഭീതിയിൽ യു.എസും: പലിശ കേറും

Sunday 12 June 2022 12:58 AM IST

ന്യൂഡൽഹി: ലോകസമ്പദ്‌വ്യവസ്ഥയിൽ വിലക്കയറ്റ ഭീഷണി ഉയർത്തി യു.എസിലെ നാണയപ്പെരുപ്പ നിരക്കുകളിൽ വീണ്ടും വർദ്ധന രേഖപ്പെടുത്തി. ഈ വർഷം മേയിൽ വാർഷിക വിലക്കയറ്റ നിരക്ക് 40 വർഷത്തെ ഉയർന്ന നിലവാരമായ 8.6ശതമാനത്തിലെത്തി. ഇതോടെ വീണ്ടും ദ്രുതഗതിയിലുള്ള നിരക്കു വർദ്ധനയുമായി യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുന്നോട്ടുപോകുമെന്ന് ഉറപ്പായി.

താമസം, ഭക്ഷണം, ഇന്ധനം തുടങ്ങിയവയിലുണ്ടായ വർദ്ധനയാണ് നിരക്ക് കൂടാനിടയാക്കിയതെന്ന് യു.എസ് തൊഴിൽമന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ പറയുന്നു. നാണയപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ അടുത്തയാഴ്ച തുടങ്ങാനിരിക്കുന്ന ഫെഡറൽ റിസർവിന്റെ യോഗങ്ങളിൽ പലിശനിരക്ക് വർദ്ധനയ്ക്ക് സാദ്ധ്യതയേറി.

പലിശനിരക്കിൽ 0.5ശതമാനം വീതം വർദ്ധിക്കുമെന്നാണ് കരുതപ്പെടുന്നത്. അതേസമയം, നാണയപ്പെരുപ്പ നിരക്ക് വർദ്ധിച്ചതോടെ ഡോളർ കരുത്താർജിച്ചു.

 ഇന്ത്യയും സമ്മർദ്ദത്തിലാകും

അസംസ്‌കൃത എണ്ണവിലയിലെ കുതിപ്പും ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും വരുംമാസങ്ങളിലും വിലക്കയറ്റം തുടർന്നേക്കാമെന്ന സൂചനയാണ് നൽകുന്നത്.യു.എസിലെ നാണയപ്പെരുപ്പ നിരക്കുകൾ ഉയരുന്നതിന് പിന്നാലെ ആഗോളതലത്തിൽ സമ്പദ്ഘടനകൾ സമ്മർദത്തിലാകുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കും.

Advertisement
Advertisement