മൊബൈൽ ആസക്തി ആദ്യം അകറ്റേണ്ടത് മുതിർന്നവർ

Sunday 12 June 2022 12:00 AM IST

താൻ മൊബൈൽ ഫോണിന് അടിമയാണെന്ന തിരിച്ചറിവ് കല്ലമ്പലത്ത് ഒരു 16 കാരിയെ ആത്മഹത്യയിൽ എത്തിച്ചു. ആ സംഭവം കഴിഞ്ഞ് 24 മണിക്കൂർ പിന്നിടുന്നതിനു മുൻപ് മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വീട്ടുകാർ വിലക്കിയതിൽ മനംനൊന്ത് കൊല്ലത്ത് സ്‌കൂൾ വിദ്യാർത്ഥിയായ ഒരു 15 കാരി കൂടി ആത്മഹത്യ ചെയ്യുകയുണ്ടായി. കുട്ടികളിൽ വളർന്നുവരുന്ന മൊബൈൽ ആസക്തി ഒരു ഘട്ടം കഴിയുമ്പോൾ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന കാഴ്ച സർവസാധാരണമായി മാറിയിരിക്കുകയാണിന്ന് . ഇതിന് ഒരുപരിധിവരെ കാരണക്കാർ മാതാപിതാക്കളും മുതിർന്നവരും തന്നെയാണ്. ഇന്നത്തെക്കാലത്ത് കുട്ടികൾ മാത്രമല്ല മുതിർന്നവരും മൊബൈൽ ആസക്തിയിൽ കുടുങ്ങിയവരാണ്. ഇക്കാലത്ത് പിറക്കുന്ന മക്കൾ ആദ്യം കാണുന്നത് ഏതു നേരവും മൊബൈൽ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന മാതാപിതാക്കളെയാണ്. കല്യാണത്തിന് പോയാലും മരണവീട്ടിൽ പോയാലും സർക്കാർ സ്ഥാപനത്തിൽ പോയാലും ഏതെങ്കിലും പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോഴും അവിടെ കൂടിയിരിക്കുന്ന ആളുകൾ മുഴുവൻ മൊബൈലിൽ നോക്കിക്കൊണ്ടിരിക്കുന്നത് കാണാം. പരിസരത്ത് എന്തു നടക്കുന്നുവെന്നോ അവിടെ വരുന്ന ആളുകൾ ആരെന്നോ അവർ അറിയുന്നു പോലുമില്ല. ആ ചുറ്റുപാടിൽ, ഇതെല്ലാം കണ്ട് വളർന്നുവരുന്ന കുഞ്ഞുങ്ങളെ എങ്ങനെ കുറ്റം പറയാൻ പറ്റും?

ഇന്നത്തെ മാറിയ ജീവിത സാഹചര്യങ്ങളിൽ മൊബൈൽ ഫോൺ ഒഴിച്ചുകൂടാനാവാത്തതാണ്. എന്നാലും വീട്ടിലുള്ള മുതിർന്നവർ അത്യാവശ്യത്തിനു മാത്രം മൊബൈൽ ഉപയോഗിക്കുന്ന ശീലം വളർത്തിയെടുത്താൽ കുട്ടികളിലും മൊബൈൽ ആസക്തിയുടെ ഉപയോഗം കുറച്ചു കൊണ്ടുവരുവാൻ സാധിക്കും. മൊബൈൽ ഉപയോഗത്തിൽ തങ്ങൾക്ക് മാത്രം വിലക്കേ‌ർപ്പെടുത്തുമ്പോൾ അവർ പ്രതിരോധിക്കുന്നതിൽ എന്താണ് തെറ്റ് ? ആദ്യം മുതിർന്നവരും മാതാപിതാക്കളും അവർക്ക് മാതൃകയാകട്ടെ.

എ.കെ.അനിൽകുമാർ,
നെയ്യാറ്റിൻകര

Advertisement
Advertisement