ചക്രപാദുകത്തിലേറി കൊല്ലത്തിന്റെ ചുണക്കുട്ടികൾ ഗിന്നസിൽ

Sunday 12 June 2022 1:12 AM IST

കൊല്ലം: ചക്രപാദുകത്തിലേറി കൊല്ലത്തിന്റെ ചുണക്കുട്ടികൾ ഗിന്നസ് ബുക്ക് ഒഫ് റെക്കാഡിൽ ഇടംനേടി. കർണാടകയിലെ ബൽഗാമിൽ നടന്ന 96 മണിക്കൂർ റോളർ സ്കേറ്റിംഗ് പര്യടനത്തിലാണ് കരുനാഗപ്പള്ളി ആസ്കിയോൻ റോളർ സ്കേറ്റിംഗ് അക്കാഡമിയിലെ പതിനാറംഗ സംഘം ഗിന്നസിൽ ഇടംപിടിച്ചത്.

കരുനാഗപ്പള്ളി, ചവറ, ചങ്ങൻകുളങ്ങര, മണപ്പള്ളി സ്വദേശികളായ വൈഷ്ണവ് സെബി (10), ശ്രീരഞ്ജൻ രജിലാൽ (14), എ.ആകാശ് (14), എം. അദ്വൈത് (14), എസ്.അശ്വിൻ ദേവ് (16), ശ്രീഹരി ദീപു (11), അഫ്സർ മുഹമ്മദ് (13), എസ്.എ.അദ്വൈത് (11), എസ്.ഷെഹിൻഷാ (15), ബി.ഭദ്രൻ (14), മനു രാജീവ് (13), റിഥിൻ രാജേഷ് (11), എൻ.നവീൻ (12), ഫാരിസ് (11), അനിരുദ്ധ് (13), ബി.സബിനായ് (14) എന്നിവരാണ് ടീം അംഗങ്ങൾ.

മുൻ ഇന്റർനാഷണൽ ചാമ്പ്യൻ അശ്വിൻ.എസ്.കുമാറിന്റെ ശിക്ഷണത്തിലാണ് പ്രത്യേക പരിശീലനം നേടിയത്. 2015 മുതൽ റോളർ സ്കേറ്റിംഗ് അക്കാഡമി നടത്തുന്ന അശ്വിന്റെ കീഴിൽ നൂറിലധികം കുട്ടികൾ പരിശീലനം നടത്തുന്നുണ്ട്.

താരമായി അയാനും

ആറര വയസുകാരൻ അയാൻ നേത്ര സുഭാഷും റോളർ സ്കേറ്റിംഗിലൂടെ ഗിന്നസ് ബുക്ക് ഒഫ് റെക്കാഡിൽ ഇടംനേടി. കൊട്ടാരക്കര ഇടയ്ക്കിടം കുമാർ ഭവനിൽ അഖില മുരളിയുടെയും മുംബയിൽ ബിസിനസുകാരനായ സുഭാഷിന്റെയും മകനായ അയാനും ഗിന്നസ് പര്യടനത്തിന്റെ ഭാഗമായിരുന്നു. മുംബെയുടെ പ്രതിനിധിയായിട്ടാണ് അയാൻ പങ്കെടുത്തത്. ഇരുപത് ദേശീയ ചാമ്പ്യൻഷിപ്പുകളിൽ അയാൻ പങ്കെടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്.

Advertisement
Advertisement