കൂടുകരിമീൻ കൃഷിയിൽ പിടച്ചുകയറി ഉത്പാദനം

Sunday 12 June 2022 1:17 AM IST

കൊല്ലം: കായലുകളിലും പുഴകളിലും കരിമീൻ ലഭ്യത കുറയുമ്പോഴും കൂടുകരിമീൻ കൃഷിയിൽ പിടച്ചുകയറി ഉത്പാദനം. കഴിഞ്ഞ സാമ്പത്തിക വർഷം 2,892 മെട്രിക് ടൺ കരിമീനാണ് ജില്ലയിൽ ഉത്പാദിപ്പിച്ചത്.

2017- 18ൽ 800-900 മെട്രിക് ടണ്ണായിരുന്നു ഉത്പാദനം. സംസ്ഥാന തലത്തിൽ 1387.6 ടൺ കരിമീൻ ഓരുജല കൂടുകൃഷിയിലൂടെ ലഭിച്ചു. മുൻവർഷങ്ങളിൽ ഇത് 135 ടൺ ആയിരുന്നു. കായലുകളിലെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ കൂട് സ്ഥാപിച്ചും കുളങ്ങൾ, ബയോഫ്ളോക്ക് സംവിധാനങ്ങളിലൂടെയുമാണ് കരിമീൻ കൃഷി വ്യാപിപ്പിച്ചത്. കുറഞ്ഞ ചെലവിൽ കൂടുതൽ ലാഭം കണ്ടെത്താമെന്നതിനാൽ കൂടുകൃഷിയോടാണ് കർഷകർക്ക് താത്പര്യം. കരിമീൻ വിത്ത് വിൽപ്പനയിലും കർഷകർക്ക് മികച്ച വരുമാനം ലഭിക്കുന്നുണ്ട്. ഇതോടെ ഓരുജല കൂടുമത്സ്യകൃഷിയിലേയ്ക്ക് എത്തുന്നവരുടെ എണ്ണത്തിലും വൻ വർദ്ധനയുണ്ടായി.


പ്രതിവർഷം പുതുതായി 100 യൂണിറ്റുകൾ

1. പ്രതിവർഷം ജില്ലയിൽ കൂടുകൃഷിയിലേയ്ക്ക് പുതുതായി 100 യൂണിറ്റുകൾ

2. പ്രാദേശിക വിപണിയിൽ ആവശ്യക്കാരുള്ളതിനാൽ വിൽപ്പന സുഗമം

3. കൃത്രിമത്തീറ്റയ്ക്ക് പുറമേ കായലിലെ തീറ്റയും ലഭിക്കും

4. സ്വാഭാവിക രുചി ലഭിക്കുന്നതിനാൽ വിപണി മൂല്യം ഉയർത്തി

5. മറ്റ് വളർത്ത് രീതിയേക്കാൾ ചെലവും കുറവ്

കൂടുകരിമീൻ വിളവെടുപ്പ്​ (2021- 22) ​- 2892 മെട്രിക് ടൺ

സംസ്ഥാനത്ത് കർഷകർ - 1,683

ജില്ലയിൽ - 400

കിലോഗ്രാമിന് വില ₹ 650

ചെലവിന്റെ 40 % സബ്സിഡി

30 ഘനയടി വ്യാപ്തിയുള്ള രണ്ട് കൂടുകളടങ്ങിയ ഒരു യൂണിറ്റിന് ഫിഷറീസ് വകുപ്പ് 3.4 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന്റെ 40 ശതമാനമായ 1,40,000 രൂപ സബ്സിഡിയായി നൽകും. തുടർന്നുള്ള രണ്ട് വർഷങ്ങളിൽ പ്രവർത്തനച്ചെലവിന്റെ 20 ശതമാനം സബ്സിഡി നൽകും. ഒരിക്കൽ കൂട് സ്ഥാപിച്ചാൽ നാല് വർഷം ഉപയോഗിക്കാം. കേന്ദ്ര സർക്കാർ പദ്ധതിയിൽ ജനറൽ വിഭാഗത്തിൽ 40 ശതമാനവും വനിതകൾ, പട്ടികജാതി - വർഗ വിഭാഗങ്ങൾക്ക് 60 ശതമാനം സബ്സിഡിയും ലഭിക്കും.

എട്ട് മുതൽ 15 രൂപയ്ക്ക് വരെയാണ് ഒരു കരിമീൻ കുഞ്ഞിനെ വിൽക്കുന്നത്. മത്സ്യകർഷകരുടെ എണ്ണം കൂടിയതിനാൽ മീൻകുഞ്ഞുങ്ങളുടെ വിപണി വളരെ സജീവമാണ്.

ഫിഷറീസ് വകുപ്പ് അധികൃതർ

സംസ്ഥാന സർക്കാരിന്റെ ജനകീയ മത്സ്യക്കൃഷി, സുഭിക്ഷകേരളം പദ്ധതി, കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന പദ്ധതികൾ മത്സ്യക്കൃഷിക്ക് സഹായകമായി.

കർഷകർ

Advertisement
Advertisement