വിജയ് സാക്കറെയ്ക്ക് ക്രമസമാധാനം നൽകരുതെന്ന റിപ്പോർട്ടുകൾ പൂഴ്ത്തി

Sunday 12 June 2022 4:55 AM IST

വിജയ് സാക്കറെ

കൊച്ചി: ക്രമസമാധാന ചുമതലയുള്ള പദവികളിൽ നിയമിക്കരുതെന്ന് ആറു വർഷത്തിനിടെ പന്ത്രണ്ടുവട്ടം ഇന്റലിജൻസ് വിഭാഗം നൽകിയ റിപ്പോർട്ടുകൾ അവഗണിച്ചാണ്

സംസ്ഥാനമാകെ ക്രമസമാധാന ചുമതലയുള്ള ഏക അഡി.ഡി.ജി.പിയായി വിജയ് സാക്കറെയെ നിയമിച്ചതെന്ന വിവരം പുറത്തുവന്നു. കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്നപ്പോൾ മുതൽ സാക്കറെയുടെ വഴിവിട്ട ഇടപാടുകൾ ഇന്റലിജൻസ് വിഭാഗം മേലധികാരികളെ അറിയിച്ചിരുന്നു. ഇതൊന്നും പൊലീസ് ആസ്ഥാനത്ത് നിന്ന് സർക്കാരിനെ അറിയിച്ചിരുന്നില്ലെന്നാണ് സൂചന.

കഴിഞ്ഞ ദിവസം രഹസ്യമൊഴിയിൽ നിന്ന് പിന്മാറാൻ സ്വപ്നയെ സമീപിച്ച ഷാജ് കിരണുമായി സാക്കറെയ്ക്ക് വർഷങ്ങളുടെ ബന്ധമുണ്ടെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് ഇയാളെ പനങ്ങാട് പൊലീസ് പിടികൂടിയപ്പോൾ ഇടപെട്ടത് സാക്കറെയായിരുന്നു.അന്നത്തെ എസ്.ഐയെക്കൊണ്ട് ഷാജിനോട് മാപ്പു പറയിക്കുകയും ചെയ്തു.

വെള്ളിയാഴ്ചകളിൽ സാക്കറെ കൊച്ചിയിലേക്ക് പോവുകയാണ് പതിവ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മടക്കം. പൊലീസിലെ ഉന്നതരും വിരമിച്ച ഉന്നതരും മുൻ ചീഫ്സെക്രട്ടറിയുമൊക്കെ ഒത്തുചേരുന്ന ആഘോഷപാർട്ടിയാണ് അജൻഡ. വിഷുദിനത്തിൽ പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായപ്പോൾ സാക്കറെ കൊച്ചിയിൽ ആഘോഷത്തിലായിരുന്നു.

പിറ്റേന്ന് രണ്ടാം കൊലപാതകം നടക്കുമ്പോഴും കൊച്ചിയിൽ തന്നെയായിരുന്നു. പ്രതികാര കൊലപാതകത്തിന് സാദ്ധ്യതയുണ്ടെന്ന് ഇന്റലിജൻസ് വിഭാഗം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മുഖ്യമന്ത്രി ഡി.ജി.പി അനിൽകാന്തിനെ വിളിച്ച് ക്രമസമാധാനചുമതലയുള്ള എ.ഡി.ജി.പി എവിടെ എന്ന് അന്വേഷിച്ചു. മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം വന്നതോടെയാണ്, പാലക്കാട്ടേക്ക് പോവാൻ സാക്കറെ തയ്യാറായത്.

ആലപ്പുഴയിൽ ഇരട്ടക്കൊലപാതകമുണ്ടായപ്പോൾ, ചെറിയ സമയത്തിനകം പ്രതികാരകൊലപാതകം ഉണ്ടാകുമെന്ന് വിവരം കിട്ടിയെങ്കിൽ തടയാനാവുമായിരുന്നു എന്ന് പറഞ്ഞ് അപഹാസ്യനാവുകയും ചെയ്തു.

# ക്രമസമാധാന ചുമതല

തകിടംമറിച്ച പരിഷ്കാരം

ഉത്തര, ദക്ഷിണ മേഖലകളിൽ ക്രമസമാധാനചുമതലയിൽ രണ്ട് അഡി.ഡി.ജി.പിമാരുണ്ടായിരുന്ന സംവിധാനം പൊളിച്ചടുക്കിയാണ് സംസ്ഥാനത്താകെ അധികാരപരിധിയോടെ, സാക്കറെയെ ഡി.ജി.പി അനിൽകാന്തിന് തൊട്ടുതാഴെ പ്രതിഷ്ഠിച്ചത്. നാല് പൊലീസ് ജില്ലകൾക്ക് റേഞ്ച് ഡി.ഐ.ജിയും അവരുടെ മേൽനോട്ടത്തിന് സോണൽ ഐ.ജിമാരും അതിനുമേൽ ഉത്തര, ദക്ഷിണ മേഖലാ എ.ഡി.ജി.പിമാരുമുണ്ടായിരുന്നു. ഈ സംവിധാനം പൊളിച്ചടുക്കി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണർമാരായി ഐ.ജിമാരെ നിയമിച്ചു. റേഞ്ചിൽ ഡി.ഐ.ജിമാരെ നിയമിച്ചു. സോണൽ ഐ.ജിമാർക്കാവട്ടെ സിറ്റികളുടെ നിയന്ത്രണമില്ലാതാക്കി.

Advertisement
Advertisement