തേനെടുക്കാൻ കൈക്കുഞ്ഞുങ്ങളുമായി വനാന്തരങ്ങളിലേക്ക് ഗോത്രവർഗക്കാർക്കിത് തേൻമധുരക്കാലം

Monday 13 June 2022 12:29 AM IST
പൊൻകുഴി കാട്ടുനായ്ക്ക കോളനിയിൽ നിന്നും കൈക്കുഞ്ഞുങ്ങളുമായി വനത്തിലേക്ക് തേനെടുക്കാൻ പോകുന്ന ഗോത്ര കുടുംബം.

സുൽത്താൻ ബത്തേരി: തേനെടുക്കുന്നതിന് ഗോത്രവർഗക്കാർ വനാന്തരങ്ങളിലേക്ക്. ഏഴുമാസം മുതൽ എഴുപതു വയസുവരെയുള്ള ഗോത്രവർഗക്കാരാണ് തേനെടുക്കാനായി കുടുംബസമേതം വനത്തിലേക്ക് പോയിക്കൊണ്ടിരിക്കുന്നത്. കൈക്കുഞ്ഞുങ്ങളുമായി കൊടുംകാട്ടിൽ കയറുന്ന ഇവർ ആഴ്ചകളോളം വനത്തിൽ തങ്ങിയാണ് തേനുമായി തിരികെയെത്തുന്നത്.
കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ടവരാണ് തേനെടുക്കുന്നതിന് കുടുംബസമേതം വനത്തിലേക്ക് പോകുന്നത്. വനത്തിൽ തേനുള്ള സ്ഥലം കണ്ടുവെച്ചശേഷമാണ് ഗോത്രവർഗക്കാർ വനത്തിലേക്ക് കയറുന്നത്. പലപ്പോഴും തേൻ എടുക്കുന്നതിന് ആഴ്ചകൾ തന്നെ വേണ്ടി വരും ചുരുങ്ങിയത് ഒരാഴ്ച വനത്തിൽ തങ്ങുന്നതിന് വേണ്ട സാധനസമഗ്രികളുമായാണ് വനത്തിലെത്തുക. കുടുംബത്തിലെ മുതിർന്നവർ മരത്തിൽ കയറി തേനെടുക്കുമ്പോൾ മരത്തിൽ നിന്ന് തേൻ താഴെയിറക്കാനും ഭക്ഷണം വെച്ച് നൽകാനും സ്ത്രീകൾ സഹായിക്കും.
ഒറ്റയ്ക്ക് വീട്ടിലാക്കിയാൽ നോക്കാൻ ആരുമില്ലാത്തതു കൊണ്ടാണ് സ്ത്രീകളെയും കുട്ടികളെയും കൂടെ കൂട്ടുന്നത്. മാത്രമല്ല, കൂടെ പോരുകയാണങ്കിൽ സഹായത്തിന് ആളുമാകും കാട്ടിൽ തേനെടുക്കാൻ പോവുന്നത് അപകടകരമാണ്. പലപ്പോഴും വന്യമൃഗങ്ങളുടെ മുന്നിലകപ്പെടും. ചിലപ്പോൾ ദിക്ക് തെറ്റി കർണാടകയുടെയോ തമിഴ്നാടിന്റെയോ വനത്തിലെത്തും.കർണാടക വനത്തിൽ അതിക്രമിച്ചു കയറുന്നവരെ കണ്ടാൽ വെടിവെച്ചിടാനാണ് ഉത്തരവ്. ഇവയ്ക്കെല്ലാം പുറമെയാണ് തേനീച്ച കൂട് കൂട്ടിയിരിക്കുന്ന മരത്തിന്റെ ചുവട്ടിൽ കരടിയുടെയും പാമ്പിന്റെയും ശല്യം. ഇതെല്ലാം അതിജീവിച്ച് മരത്തിൽകയറി ഈച്ചയുടെ കുത്തേൽക്കാതെ വേണം തേനെടുക്കാൻ . തേൻ സീസൺ ആരംഭിക്കുമ്പോഴാണ് ഗോത്രവർഗക്കാർക്ക് സുഭിക്ഷകാലം .തേൻ ശേഖരിച്ച് വിറ്റാൽ ആവശ്യത്തിന് പണം ലഭിക്കുമെന്നതിനാൽ ഈ വിളവെടുപ്പ് കാലത്ത് കൊച്ചുകുട്ടികൾ മുതൽ പ്രായമായവർവരെ പങ്കാളികളാകും.
കൊമ്പ്തേൻ അഥവാ വൻതേൻ, ചെറുതേൻ അല്ലെങ്കിൽ പുറ്റ്‌തേൻ, ചെറിയ ഈച്ചയുടെ ചെറുതേൻ എന്നിവയാണ് ശേഖരിക്കുക. ഇതിൽ കൊമ്പ്തേൻ ഒരു മരത്തിൽ നിന്ന് ചുരുങ്ങിയത് നാൽപ്പത് ലിറ്റർ വരെ കിട്ടും. പുറ്റ് തേൻ ഒരു ലിറ്ററിൽ താഴെ മാത്രമെ കിട്ടുകയുള്ളു. ചെറിയ ഈച്ചയുടെ ചെറുതേനാകട്ടെ ഔൺസുകൾ മാത്രമാണ് കിട്ടുക. ഇത് മിക്കവാറും ഈച്ച തന്നെ കുടിച്ചിട്ടുണ്ടാകും.വയനാടൻ വനമേഖലയിൽ ഇത്തവണ പതിവിലും നേരത്തെ വേനൽമഴ കിട്ടുകയും സസ്യലതാദികൾ പുഷ്പിക്കുകയും ചെയ്തതോടെ തേൻകൂടുകളിലെ അറകളിലെല്ലാം നേരത്തെ തന്നെ തേൻനിറഞ്ഞു കഴിഞ്ഞു. വൻതേനിന്റെ വിളവെടുപ്പ് ഈ മാസത്തോടെ അവസാനിക്കും. അടുത്തമാസത്തോടെ പുറ്റ് തേനിന്റെയും സീസൺകഴിയും. യഥാർത്ഥത്തിൽ തേൻ വിളവെടുപ്പ് ഗോത്രവർഗക്കാർക്ക് മധുരമൂറും കാലമാണ്.

Advertisement
Advertisement