ഓഹരിവിപണിക്ക് പരീക്ഷണകാലം

Monday 13 June 2022 3:56 AM IST

 മേയിലെ നാണയപ്പെരുപ്പക്കണക്ക് ഇന്നറിയാം

കൊച്ചി: ചരിത്രത്തിലെ ഏറ്റവും രൂക്ഷമായ വെല്ലുവിളികളുടെ നടുവിലൂടെയാണ് ഇന്ത്യൻ ഓഹരിവിപണിയുടെ സഞ്ചാരം. കഴിഞ്ഞ ആഴ്‌ച എല്ലാ പ്രവൃത്തിദിനങ്ങളിലും രുചിച്ചത് നഷ്‌ടം. വെള്ളിയാഴ്‌ച മാത്രം സെൻസെക്‌സ് 1,016 പോയിന്റും നിഫ്‌റ്റി 276 പോയിന്റും ഇടിഞ്ഞു. ഈയാഴ്‌ചയും ഓഹരികൾക്ക് മുന്നിലുള്ളത് പ്രതിസന്ധികൾ മാത്രം.

ഓഹരിവിപണി സ്ഥിരത കൈവരിക്കാൻ അഞ്ചോ ആറോ മാസങ്ങൾകൂടി വേണ്ടിവരുമെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. റിസർവ് ബാങ്ക് റിപ്പോനിരക്ക് 0.50 ശതമാനം ഉയർത്തിയതാണ് കഴിഞ്ഞയാഴ്ച ഓഹരിനിക്ഷേപകരെ വലച്ച മുഖ്യഘടകം. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്.പി.ഐ) പിന്മാറ്റവും രൂപയുടെ റെക്കാഡ് തളർച്ചയും ക്രൂഡോയിൽ വില വർദ്ധനയും തിരിച്ചടിയാണ്.

നാണയപ്പെരുപ്പം നിർണായകം

ഓഹരിനിക്ഷേപകർ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന മേയ്‌മാസ റീട്ടെയിൽ നാണയപ്പെരുപ്പക്കണക്ക് ഇന്ന് പുറത്തുവരും. ഏപ്രിലിൽ ഇത് എട്ടുവർഷത്തെ ഉയരമായ 7.79 ശതമാനത്തിൽ എത്തിയ പശ്ചാത്തലത്തിലാണ് നിയന്ത്രിക്കാനെന്നോണം മേയ്-ജൂൺ മാസങ്ങളിലായി റിസർവ് ബാങ്ക് റിപ്പോനിരക്ക് 0.9 ശതമാനം കൂട്ടിയത്. മേയിൽ നാണയപ്പെരുപ്പം 7.10-7.20 ശതമാനത്തിലേക്ക് താഴ്‌ന്നേക്കുമെന്നാണ് പൊതുവിലയിരുത്തൽ.

അമേരിക്കൻ വിലപ്പെരുപ്പം

അമേരിക്കയിൽ റീട്ടെയിൽ നാണയപ്പെരുപ്പം മേയിൽ 40 വർഷത്തെ ഉയരമായ 8.6 ശതമാനത്തിൽ എത്തിയിരുന്നു. അമേരിക്കൻ ഓഹരിവിപണിയും തള‌ർച്ചയുടെ പാതയിലാണ്. കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ജൂണിലും ജൂലായിലും 0.50 ശതമാനം വീതം പലിശനിരക്ക് കൂട്ടുമെന്നാണ് സൂചന. ഇന്ത്യയടക്കം ഏഷ്യൻ ഓഹരിവിപണികളെ ഈ നീക്കം തളർത്തിയേക്കും.

ക്രൂഡോയിൽ കുതിപ്പ്

ബ്രെന്റ് ക്രൂഡ് വില കഴിഞ്ഞവാരം ബാരലിന് 122 ഡോളറിലും ഇന്ത്യയുടെ വാങ്ങൽവില (ഇന്ത്യൻ ബാസ്‌കറ്റ്) 10 വർഷത്തെ ഉയരമായ 121 ഡോളറിലുമെത്തി. ഉപഭോഗത്തിന്റെ 85 ശതമാനം ക്രൂഡും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് വിലക്കയറ്റം. ഏറെക്കാലമായി മാറ്റമില്ലാത്ത പെട്രോൾ, ഡീസൽവില വൈകാതെ പൊതുമേഖലാ എണ്ണക്കമ്പനികൾ കൂട്ടിയേക്കാം.

പിന്മാറുന്ന വിദേശികൾ

ആഗോളതലത്തിലെ സമ്പദ്‌ഞെരുക്കം മൂലം ഇന്ത്യയടക്കം വികസ്വരരാജ്യങ്ങളിൽ നിന്ന് വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്.പി.ഐ) പിൻവലിയുകയാണ്. 2022ൽ ഇതുവരെ അവർ ഇന്ത്യയിൽ നിന്ന് 1.81 ലക്ഷം കോടി രൂപ പിൻവലിച്ചു. ഈമാസം ഇതുവരെ 13,888 കോടി രൂപയും.

3,950

ഈവർഷം ഇതുവരെ സെൻസെക്‌സ് നേരിട്ടനഷ്‌ടം 3,950 പോയിന്റ്. നിഫ്‌റ്റിയുടെ നഷ്‌ടം 1,153 പോയിന്റ്.

₹14.15 ലക്ഷം കോടി

2022ൽ ഇതുവരെ സെൻസെക്‌സിന്റെ നിക്ഷേപകമൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് 14.15 ലക്ഷം കോടി രൂപ. ഈമാസം ഇതുവരെ നഷ്‌ടം 5.18 ലക്ഷം കോടി രൂപ.

Advertisement
Advertisement