സ്വന്തം പാത റെഡി: നെഞ്ചുവിരിച്ച് കൊച്ചി മെട്രോ

Monday 13 June 2022 12:05 AM IST

കൊച്ചി: കൊച്ചി മെട്രോയുടെ 'സ്വന്തം പാത' അഞ്ചാം വാർഷിക സമ്മാനമായി ജനങ്ങൾക്ക് തുറന്നുകൊടുക്കും. ആലുവ പേട്ട പാതയുടെ ദീർഘിപ്പിക്കലിൽ ഉൾപ്പെടുന്ന പേട്ട - എസ്.എൻ. ജംഗ്ഷൻ പാത കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) നേരിട്ട് നിർമ്മിച്ചതാണ്. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയ പാതയ്ക്ക് ദിവസങ്ങൾക്കകം അനുമതി ലഭിക്കും.

കൊച്ചി മെട്രോയുടെ ആലുവ മുതൽ പാലാരിവട്ടം വരെ ആദ്യഘട്ടം ഗതാഗതത്തിന് തുറന്നുകൊടുത്തതിന്റെ അഞ്ചാം വാർഷികമാണ് ജൂൺ 17ന്. വാർഷികത്തിന് വിപുലമായ ആഘോഷങ്ങൾ ആരംഭിച്ച കെ.എം.ആർ.എൽ പേട്ട -എസ്.എൻ. ജംഗ്ഷൻ പാതയും തുറക്കുന്നതിന്റെ ഒരുക്കത്തിലാണ്. അഞ്ചാം വാർഷികത്തിന് മുമ്പായി പാത തുറക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്.

ആലുവ മുതൽ പേട്ട വരെ പാത നിർമ്മിച്ചത് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനാണ് (ഡി.എം.ആർ.സി). മുൻ മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്റെ മേൽനോട്ടത്തിലാണ് ഒന്നാംഘട്ടം പൂർത്തിയാക്കിയത്. ആദ്യഘട്ടം നിർമ്മിക്കുന്ന സമയത്തുതന്നെ തൃപ്പൂണിത്തുറ വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ദീർഘിപ്പിക്കൽ ഏറ്റെടുക്കില്ലെന്ന് ഡി.എം.ആർ.സി പ്രഖ്യാപിച്ചിരുന്നു.

ഡി.എം.ആർ.സി ഉദ്യോഗസ്ഥർക്കൊപ്പം പ്രവർത്തിച്ച കെ.എം.ആർ.എല്ലിലെ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം നൽകുകയും ചെയ്തിരുന്നു. കെ.എം.ആർ.എൽ നേരിട്ട് കരാർ നടപടികൾ പൂർത്തിയാക്കി മേൽനോട്ടം വഹിച്ച് നിർമ്മാണം ഏറ്റെടുത്ത് പൂർത്തിയാക്കുന്ന ആദ്യ പാതയെന്ന പ്രത്യേകത പേട്ട -എസ്.എൻ.ജംഗ്ഷനുണ്ട്. എസ്.എൻ. ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിലെത്തുന്ന ശേഷിക്കുന്ന പാതയുടെ നിർമ്മാണവും തുടരുകയാണ്.

 അനുമതി ദിവസങ്ങൾക്കകം

റെയിൽവേ സുരക്ഷാ കമ്മിഷണർ ഉൾപ്പെട്ട വിദഗ്ദ്ധസംഘം രണ്ടു ദിവസം പാത സൂക്ഷ്‌മമായി പരിശോധിച്ചു. ട്രാക്കുകൾ, സിഗ്നൽ സംവിധാനങ്ങൾ, മറ്റു സാങ്കേതികസംവിധാനങ്ങൾ തുടങ്ങിയവ വിലയിരുത്തി. ട്രെയിൻ ഓടിച്ച് നടത്തിയ പരിശോധനകളിൽ സംഘം തൃപ്തി രേഖപ്പെടുത്തിയാണ് മടങ്ങിയത്. ഏതാനും ദിവസങ്ങൾക്കകം സുരക്ഷാ കമ്മിഷണറുടെ സർട്ടിഫിക്കറ്റ് ലഭിക്കും. ലഭിച്ചാലുടൻ യാത്രക്കാരുമായി ട്രെയിനോടിക്കാൻ കഴിയും. കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ഉദ്ഘാടന ചടങ്ങ് നടത്താനുള്ള ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.


 പ്രതീക്ഷ വാനോളം

തൃപ്പൂണിത്തുറ പട്ടണത്തിന്റെ പ്രധാനഭാഗത്തേയ്ക്ക് കൂടി മെട്രോ എത്തുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് കെ.എം.ആർ.എൽ അധികൃതർ പ്രതീക്ഷിക്കുന്നത്. കോട്ടയം, മൂവാറ്റുപുഴ, പാലാ ഭാഗങ്ങളിൽ നിന്ന് ബസിലെത്തുന്നവർക്ക് എസ്.എൻ. ജംഗ്ഷനിൽ നിന്ന് മെട്രോയിൽ കയറി അതിവേഗത്തിൽ കൊച്ചി നഗരത്തിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ കഴിയും. തൃപ്പൂണിത്തുറയിൽ ട്രെയിനിൽ എത്തുന്നവർക്കും മെട്രോയിൽ തുടർയാത്ര സുഗമമായി നടത്താൻ കഴിയും.

കൊവിഡ് ഭീതിയകന്നതോടെ മെട്രോയിലെ യാത്രക്കാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. 73,000 യാത്രക്കാരെ വരെ ലഭിക്കുന്നുണ്ട്. ബസ് യാത്രാനിരക്ക് വർദ്ധിച്ചതും മെട്രോയിലെ യാത്രക്കാരുടെ എണ്ണം കൂടാൻ സഹായമായി. ഡിസംബറോടെ ഒരുലക്ഷം യാത്രക്കാരെന്ന ലക്ഷ്യമിട്ടാണ് അധികൃതർ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നത്.

 രണ്ടു സ്റ്റേഷനുകൾ

പേട്ടയ്ക്കും എസ്.എൻ. ജംഗ്ഷനുമിടയിൽ 1.8 കിലോമീറ്ററാണ് ദൂരം. വടക്കേക്കോട്ട, എസ്.എൻ. ജംഗ്ഷൻ എന്നിവയാണ് സ്റ്റേഷനുകൾ. രണ്ടു സ്റ്റേഷനുകളുടെയും നിർമ്മാണം പൂർത്തിയായി. എസ്.എൻ. ജംഗ്ഷൻ വരെ ട്രെയിൻ എത്തുന്നതോടെ ആകെ സ്റ്റേഷനുകൾ 24 ആയി വർദ്ധിക്കും.

 പേട്ട -എസ്.എൻ. ജംഗ്ഷൻ പാത

ചെലവ് : 453 കോടി രൂപ

സ്ഥലമെടുപ്പ് ചെലവ് :99 കോടി

നിർമ്മാണത്തുടക്കം: 2019 ഒക്ടോബർ

Advertisement
Advertisement