പിണറായി തൊട്ടാവാടിയല്ല: എ.കെ.ബാലൻ

Monday 13 June 2022 8:04 AM IST

തിരുവനന്തപുരം: പിണറായി വിജയൻ തൊട്ടാവാടിയല്ലെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലൻ. പ്രതിസന്ധിയും വെല്ലുവിളിയും ഉണ്ടാകുമ്പോൾ അതിനെ അതിജീവിക്കുന്നതിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന നേതാവാണ് പിണറായി എന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ബാലൻ പറയുന്നു.

പിണറായി വിജയൻ മുഖ്യമന്ത്രിയായത് കൊണ്ടാണ് പൊലീസ് സംരക്ഷണം നൽകുന്നത്. തെരുവിൽ ഏറ്റുമുട്ടലുണ്ടാക്കി ക്രമസമാധാനം തകർന്നെന്ന് വരുത്താനാണ് പ്രതിപക്ഷ നേതാവും ബി.ജെ.പി നേതാവും ശ്രമിക്കുന്നത്.

പ്രവാചക പരാമർശത്തിനെതിരെ പ്രതിഷേധിക്കാൻ തയ്യാറാവാതിരുന്ന മുസ്ലീം ലീഗ് ഒരു പ്രതിയുടെ മാറിമാറിപ്പറയുന്ന മൊഴിയുടെ പേരിൽ മുഖ്യമന്ത്രിക്കെതിരെ പ്രക്ഷോഭം നടത്തുകയാണ്.

പിണറായിക്കെതിരെ പ്രത്യേക അജണ്ട തയാറാക്കി പ്രവർത്തിക്കുന്നവർ ജനങ്ങൾക്കുമുന്നിൽ കൂടുതൽ പരിഹാസ്യരാവുകയാണ്. വരും ദിവസങ്ങളിൽ ഇവരുടെ പ്രവർത്തനത്തിന്റെ ഭീകരരൂപം പൊതുസമൂഹത്തിന് ബോദ്ധ്യപ്പെടും. അപ്പോൾ വി.ഡി.സതീശനും അത് ശരിക്ക് മനസിലാകുമെന്നും പോസ്റ്റിൽ പറയുന്നു.

Advertisement
Advertisement