മൃതദേഹം കൈകാര്യം ചെയ്യുന്നതിൽ തൃശൂർ മെഡി. കോളേജിൽ വീണ്ടും വീഴ്‌ച

Monday 13 June 2022 12:00 AM IST

തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിലും പോസ്റ്റ്മോർട്ടം നടത്തുന്നതിലും വീഴ്ച ആവർത്തിക്കുന്നു. മൃതദേഹം ആളുമാറി സംസ്‌കരിച്ച് ആറുമാസത്തിനകം വീണ്ടും ഗുരുതര വീഴ്ചയുണ്ടായതിൽ പ്രതിഷേധം ശക്തമായി.

ബൈക്ക് അപകടത്തിൽ പെട്ട് ചികിത്സയിലിരിക്കെ മരിച്ച യൂസഫിന്റെ മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാതെ ശനിയാഴ്ച രാത്രി ഡ്യൂട്ടി ഡോക്ടറാണ് ബന്ധുക്കൾക്ക് വിട്ടു നൽകിയത്. ഞായറാഴ്ച രാവിലെ സീനിയർ ഡോക്ടർ എത്തിയപ്പോഴാണ് അശ്രദ്ധ മനസിലായത്. ഉടൻ പൊലീസിനെ അറിയിച്ച് പോസ്റ്റ് മോർട്ടത്തിനുള്ള നടപടികൾ സ്വീകരിച്ചു.

ആശുപത്രിയിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകേണ്ട ചുമതല ആർ.എം.ഒയ്‌ക്കാണ്. രണ്ട് ദിവസമായി ആർ.എം.ഒ അവധിയിലാണ്. ചുമതല മറ്റാർക്കെങ്കിലും നൽകിയതായി സ്ഥിരീകരണമില്ല.

യൂസഫിന്റെ മൃതദേഹം കബറടക്കുന്നതിന് മുന്നോടിയായുള്ള ചടങ്ങുകൾക്കിടെ മെഡിക്കൽ കോളേജ് അധികൃതർ പൊലീസിനൊപ്പമാണ് എത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി വിട്ടുതരണമെന്ന് പറഞ്ഞതോടെ ബന്ധുക്കളും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റമായി. ജനപ്രതിനിധികളും മറ്റും ഇടപെട്ട് മൃതദേഹം വിട്ടു കൊടുക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരിയിൽ കൊവിഡ് ചികിത്സയിലിരിക്കെ ചേറ്റുവ സ്വദേശി സഹദേവന്റെയും വടക്കാഞ്ചേരി സ്വദേശി സെബാസ്റ്റ്യന്റെയും മൃതദേഹങ്ങളാണ് മാറി നൽകിയത്. പിശക് മനസിലായപ്പോഴേക്കും സെബാസ്റ്റ്യന്റെ മൃതദേഹം ദഹിപ്പിച്ചിരുന്നു. സഹദേവന്റെ ബന്ധുക്കളും നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം കൊണ്ടുപോയിരുന്നു. ഉച്ചയോടെ സെബാസ്റ്റ്യന്റെ ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് തെറ്റുപറ്റിയത് അധികൃതർ അറിയുന്നത്. ഇതോടെ ആശുപത്രി സൂപ്രണ്ടും മറ്റ് ഉദ്യോഗസ്ഥരും സഹദേവന്റെ വീട്ടിൽ എത്തിയെങ്കിലും ചിതയ്ക്ക് തീകൊളുത്തിയിരുന്നു. പിന്നീട് ചിതാഭസ്മം കൈമാറുകയായിരുന്നു. ഈ സംഭവത്തിൽ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ കൈമലർത്തി. രണ്ട് സുരക്ഷാ ജീവനക്കാരെയാണ് സസ്‌പെൻഡ് ചെയ്‌തത്. ഇതും വിവാദത്തിനും ആക്ഷേപത്തിനും ഇടയാക്കിയിരുന്നു.

പോ​സ്റ്റ്‌​മോ​ർ​ട്ടം​ ​ചെ​യ്യാ​ത്ത
സം​ഭ​വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​തൃ​ശൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​പോ​സ്റ്റ്‌​മോ​ർ​ട്ടം​ ​ചെ​യ്യാ​തെ​ ​മൃ​ത​ദേ​ഹം​ ​വി​ട്ടു​കൊ​ടു​ത്ത​ ​സം​ഭ​വ​ത്തി​ൽ​ ​അ​ന്വേ​ഷ​ണ​ത്തി​ന് ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​മെ​ഡി​ക്ക​ൽ​ ​വി​ദ്യാ​ഭ്യാ​സ​ ​ഡ​യ​റ​ക്ട​റോ​ട് ​ഇ​തു​സം​ബ​ന്ധി​ച്ച് ​അ​ടി​യ​ന്ത​ര​മാ​യി​ ​അ​ന്വേ​ഷി​ച്ച് ​കു​റ്റ​ക്കാ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​നും​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​നും​ ​നി​ർ​ദ്ദേ​ശി​ച്ചു.

Advertisement
Advertisement