സോണിയയ്ക്കും രാഹുലിനും ഇ.ഡി നോട്ടീസ് നൽകിയത് കോൺഗ്രസ് അറിഞ്ഞിട്ടില്ല : മുഖ്യമന്ത്രി

Monday 13 June 2022 1:00 AM IST

വളാഞ്ചേരി: സോണിയാഗാന്ധിക്കും രാഹുൽഗാന്ധിക്കും ഇ.ഡി നോട്ടീസ് നൽകിയത് കേരളത്തിലെ കോൺഗ്രസുകാർ അറിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറം പുത്തനത്താണിയിൽ ഇ.എം.എസിന്റെ ലോകം ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ പ്രതിയോഗികളെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് നിശബ്ദമാക്കാനുള്ള ശ്രമമാണ് സംഘപരിവാർ എല്ലായിടത്തും നടത്തുന്നത്. സംസ്ഥാനങ്ങൾക്ക് അർഹമായ ആനുകൂല്യം കിട്ടുന്നില്ലെന്ന് കാണിച്ച് പാർലമെന്റ് സ്തംഭിപ്പിക്കുന്ന എം.പിമാരെ നമ്മൾ കണ്ടിട്ടുണ്ട്. കേരളത്തിൽ വികസനം വേണ്ടെന്ന തരത്തിലാണ് ഇവിടെയുള്ള എം.പിമാരുടെ ഇടപെടൽ. ജമ്മുകാശ്മീരിനെ വെട്ടിമുറിച്ചത് രാജ്യം അവർക്ക് നൽകിയിരുന്ന ഉറപ്പ് ലംഘിക്കുന്ന പോലെയായി. ഇതിലൂടെ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്നാണ് രാജ്യം ഭരിക്കുന്നവർ പറഞ്ഞിരുന്നത്. പ്രഖ്യാപനങ്ങളെല്ലാം അസാദ്ധ്യമാണെന്ന് ഇപ്പോൾ ബോദ്ധ്യപ്പെട്ടു. ഇപ്പോൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്നത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള വാർത്തകളാണ്. മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾ ആക്രമിക്കപ്പെടുന്ന സ്ഥിതിവിശേഷമുണ്ട്. മതനിരപേക്ഷതയെ തകർക്കാനാണ് ഇത്തരക്കാ‌ർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന കേരളവും ഇ.എം.എസും എന്ന വിഷയത്തിൽ ഡോ: സുനിൽ പി. ഇളയിടം സംസാരിച്ചു. പാലോളി മുഹമ്മദ്കുട്ടി അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement