മങ്ങിയ 'സീബ്ര'യെ കാണാൻ വയ്യ!

Monday 13 June 2022 1:55 AM IST

 നിറം മങ്ങി നഗരത്തിലെ സീബ്ര ലൈനുകൾ

കൊല്ലം: നഗരത്തിലെ റോഡുകൾ മുറിച്ചുകടക്കാൻ സീബ്ര ലൈൻ കണ്ടെത്തണമെങ്കിൽ മുട്ടിലിഴഞ്ഞ് തപ്പിനടക്കേണ്ട അവസ്ഥ! അടുത്തിടെ പുതുക്കിപ്പണിത, പുതമണം മാറാത്ത റോഡുകളിലൊഴികെ ഒരിടത്തും സീബ്ര ലൈൻ കണ്ണിൽപ്പെടില്ല.

സീബ്ര ലൈനുകൾക്ക് തെളിച്ചമില്ലാത്തതിനാൽ കാൽനടയാത്രക്കാരും വിദ്യാർത്ഥികളും റോഡിന്റെ മറുവശമെത്താൻ ബുദ്ധിമുട്ടുകയാണ്. ഒട്ടുമിക്ക ട്രാഫിക് സിഗ്നലുകളിലും സീബ്ര ലൈനുകൾക്ക് മുകളിലാണ് മിക്ക വാഹനങ്ങളും നിറുത്തുന്നത്. ട്രാഫിക് വാർഡന്മാരുടെയോ പോയിന്റ് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെയോ സഹായമില്ലാതെ റോഡുകൾ മുറിച്ചുകടക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. സ്‌കൂൾ വിട്ടുവരുന്ന കുട്ടികൾ കൂട്ടത്തോടെ റോഡ് മുറിച്ചുകടക്കുന്നത് അപകടസാദ്ധ്യതക്ക് വഴിവയ്ക്കുന്നുണ്ടെങ്കിലും അധികൃതർ ഇതൊന്നും കണ്ടഭാവം നടിക്കുന്നില്ല.

നഗരത്തിൽ തിരക്കേറിയ ഹൈസ്‌കൂൾ ജംഗ്‌ഷൻ, കോൺവെന്റ്, ചെമ്മാൻമുക്ക് എന്നിവിടങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ ഫുട് ഓവർബ്രിഡ്ജുകൾ നിർമ്മിച്ചെങ്കിലും ഭൂരിഭാഗം പേരും ഉപയോഗിക്കാറില്ല. സ്‌കൂൾ വിദ്യാർത്ഥികളുടെ സുരക്ഷകൂടി മുൻനിറുത്തിയാണ് ഇവ നിർമ്മിച്ചതെങ്കിലും അവരും മൈൻഡ് ചെയ്യുന്നില്ല. കുത്തനെയുള്ള പടികൾ കയറുന്ന ബുദ്ധിമുട്ടാണ് ഓവർബ്രിഡ്ജുകൾ ഒഴിവാക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

............................

നഗരത്തിലെ തിരക്കേറിയ പ്രധാന ജംഗ്‌ഷനുകളിലെങ്കിലും സീബ്ര ലൈനുകൾക്ക് വ്യക്തതയും തെളിച്ചവുമുണ്ടാക്കണം. സുരക്ഷിതമായി റോഡ് മുറിച്ചുകടക്കാനുള്ള സാഹചര്യം ഉറപ്പുവരുത്തണമെന്ന ആവശ്യത്തോട് അധികൃതർ മുഖം തിരിക്കുകയാണ്

യാത്രക്കാർ

Advertisement
Advertisement