മുഖ്യമന്ത്രി തളിപ്പറമ്പിൽ; കറുത്ത ബാഗ് ഉയർത്തിയ കെഎസ്‌യു പ്രവർത്തകനെ മർദിച്ച് പൊലീസിന് കൈമാറി സിപിഎം പ്രവർത്തകർ

Monday 13 June 2022 10:26 AM IST

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച കെ എസ് യു പ്രവർത്തകനെ നേരിട്ട് സിപിഎം പ്രവർത്തകർ. മുഖ്യമന്ത്രി കണ്ണൂർ ഗസ്റ്റ് ഹൗസിൽ നിന്ന് തളിപ്പറമ്പിലേയ്ക്ക് പോകുന്നതിനിടെയാണ് കെ എസ് യു പ്രവർത്തകൻ പ്രതിഷേധവുമായി എത്തിയത്.

മുഖ്യമന്ത്രി കടന്നുപോകുന്നതിനിടെ കെ എസ് യു പ്രവർത്തകൻ കറുത്ത ബാഗ് ഉയർത്തിക്കാട്ടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന സിപിഎം പ്രവർത്തകർ തന്നെ ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. പൊലീസ് നോക്കിനിൽക്കെ മ‌ർദിച്ചശേഷമായിരുന്നു കൈമാറിയത്. കെഎസ്‌യുക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മുഖ്യമന്ത്രി പോകുന്ന വഴികളിൽ പ്രതിഷേധമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന നിഗമനത്തിലായിരുന്നു പൊലീസ്. യുവമോർച്ച പ്രവർത്തകരടക്കം പ്രതിഷേധിക്കാനിടയുണ്ടെന്നും വിവരമുണ്ടായിരുന്നു. എന്നാൽ വലിയ രീതിയിലെ അനിഷ്ടസംഭവങ്ങളുണ്ടാകാതെ മുഖ്യമന്ത്രി തളിപ്പറമ്പിൽ എത്തിയിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് കണ്ണൂരിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പ്രതിഷേധമുണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത്‌ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി എഴുന്നൂറിലധികം പൊലീസുകാരെയാണ് നിയോഗിച്ചത്. ജില്ലയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.

തളിപ്പറമ്പ് കില ക്യാമ്പസിൽ രാവിലെ പത്തരയ്ക്കാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി. ഇവിടെ കറുത്ത മാസ്‌കിനോ വസ്ത്രത്തിനോ വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. സുരക്ഷ കണക്കിലെടുത്ത് പിണറായിയിലെ വീട്ടിൽ താമസിക്കാതെ മുഖ്യമന്ത്രി ഇന്നലെ കണ്ണൂർ ഗസ്റ്റ് ഹൗസിലായിരുന്നു താമസിച്ചത്.

Advertisement
Advertisement